Skip to main content

വോട്ടെടുപ്പ് നാളെ; പഴുതടച്ച സുരക്ഷയൊരുക്കി  ജില്ലാ ഭരണകൂടം കേന്ദ്ര സേനയുള്‍പ്പെടെ ആറായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍

 

പതിനേഴാം ലോക്‌സഭയിലേക്ക് നാളെരാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പിനായി ജില്ല ഒരുങ്ങി. 1857 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പ് സുഗമമാക്കുന്നതിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ജില്ലാ പോലിസ് മേധാവി ജി ശിവവരിക്രമിന്റെ നേതൃത്വത്തില്‍ കേരള പോലിസിന് പുറമെ, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥരും 16 കമ്പനി കേന്ദ്ര സേനയും ഉള്‍ക്കൊള്ളുന്ന സേനയെയാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഒന്‍പത് കമ്പനി സിആര്‍പിഎഫ്, അഞ്ച് കമ്പനി അതിര്‍ത്തി രക്ഷാ സേന, രണ്ട് കമ്പനി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവയില്‍ നിന്നായി 1153 പേരടങ്ങിയതാണ് കേന്ദ്ര സേന. 

കേരള പോലിസിലെ 18 ഡിവൈഎസ്പിമാര്‍, 46 സിഐമാര്‍, 292 എസ്‌ഐ-എഎസ്‌ഐമാര്‍, 3105 സീനിയര്‍/സിവില്‍ പോലിസ് ഓഫീസര്‍മാര്‍ എന്നിങ്ങനെ 3461 ഉദ്യോഗസ്ഥരും എക്‌സൈസ്, ഫോറസ്റ്റ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, വിജിലന്‍സ്, ആര്‍ടിഒ, സ്‌പെഷ്യല്‍ പോലിസ് ഓഫീസര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നായി 1004 പേരുമാണ് കേരളത്തില്‍ നിന്നുള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് 100ഉം കര്‍ണാടകയില്‍ നിന്ന് 250 ഉം പോലിസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും ഉള്‍പ്പെടെ ആകെ 5968 സേനാംഗങ്ങള്‍ ജില്ലയില്‍ തെരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കാനായി എത്തിയിട്ടുണ്ട്. 

ജില്ലയിലെ 250 ക്രിറ്റിക്കല്‍ ബൂത്തുകളില്‍ മറ്റു ബൂത്തുകളില്‍ നിന്ന് അധികമായി ഒരു സീനിയര്‍ സിവില്‍ പോലിസ് ഓഫീസറെയും നാല് സിഎപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 39 ബൂത്തുകളില്‍ ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കരിക്കോട്ടക്കരി, ആറളം, കേളകം, പേരാവൂര്‍, കണ്ണവം, ഉളിക്കല്‍, ഇരിട്ടി, പയ്യാവൂര്‍, ചെറുപുഴ, കുടിയാന്‍മല പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ വരുന്ന ഈ പ്രദേശങ്ങളിലെ വനത്തിനകത്തും പുറത്തും പോളിംഗ് സ്‌റ്റേഷനുകളിലും പരിസരങ്ങളിലും ശക്തമായ സേനാ സാന്നിധ്യമുണ്ടാവും. മാവോവാദി സാന്നിധ്യ മേഖലകളിലെ ക്രിറ്റിക്കല്‍ ബൂത്തുകളില്‍ രണ്ട് സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍, നാല് സിഎപിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവരെ അധികമായി നിയോഗിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ പെട്ട പ്രശ്‌നസാധ്യത ബൂത്തുകളില്‍ പ്രശ്‌നത്തിന്റെ ഗൗരവത്തിനനുസരിച്ച് അധിക സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുള്ളതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 

ഇതിനു പുറമെ 1841 ബൂത്തുകളിലും ലൈവ് വെബ്കാസ്റ്റിംഗും 16 ബൂത്തുകളില്‍ ലൈവ് വീഡിയോ കവറേജും സജ്ജീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി തഹസില്‍ദാരുടെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൊലീസും വീഡിയോഗ്രാഫറുമടങ്ങിയ നിരീക്ഷണ സ്‌ക്വാഡുകളും ഇവിടെയുണ്ടാവും. ജില്ലയില്‍ 77 പ്രത്യേക നിരീക്ഷണ സ്‌ക്വാഡുകളെ വിന്യസിക്കും. ഇതിനു പുറമെ ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും രണ്ട് വീതം എന്ന നിലയില്‍ ആകെ 22 സെക്ടര്‍ മജിസ്‌ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരവും നല്‍കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പവും പൊലീസും വീഡിയോ ചിത്രീകരണ സംഘവും ഉണ്ടാകും. വിവിധ മണ്ഡലങ്ങളിലായി വോട്ടര്‍മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്ന വള്‍ണറബ്ള്‍ ബൂത്തുകളിലും ശക്തമായ സേനാ സാന്നിധ്യം ഉണ്ടായിരിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിക്കുന്നതിനു മുന്നോടിയായി തിങ്കളാഴ്ച സുരക്ഷാ സേനകള്‍ കണ്ണൂര്‍ നഗരത്തില്‍ റൂട്ട്മാര്‍ച്ച് നടത്തി. 

ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളിലായി പ്രവാസി വോട്ടര്‍മാരടക്കം ആകെ 1964454 പേരാണുള്ളത്. 10,40,028 സ്ത്രീകളും 9,24,421 പുരുഷന്‍മാരും 5 ട്രാന്‍സ്‌ജെന്ററുമാണ്. 6494 സര്‍വ്വീസ് വോട്ടര്‍മാരുമുണ്ട്. ഇതില്‍ 6278 പുരുഷന്‍മാരും 216 സ്ത്രീകളുമാണ്. 

ജില്ലയില്‍ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 157 -ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്- 1357 പേര്‍. പയ്യന്നൂര്‍ മണ്ഡലത്തിലെ 315 വോട്ടര്‍മാരുള്ള 40-ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കുറവ്.

 

 

date