Skip to main content

വിശ്രമ കേന്ദ്രവും കന്നിവോട്ടര്‍മാര്‍ക്ക് പൂച്ചെണ്ടുമൊരുക്കി കാഞ്ഞിരക്കൊല്ലി മാതൃകാ പോളിംഗ് സ്റ്റേഷന്‍

 

വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ മുളയും പനയോലയും കവുങ്ങും കൊണ്ട് ആദിവാസി കുടിലുകളുടെ മാതൃകയില്‍ വിശ്രമ കേന്ദ്രമൊരുക്കിയും കന്നി വോട്ടര്‍മാരെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കാനൊരുങ്ങിയും വ്യത്യസ്തമായ രീതിയില്‍ മാതൃകയാവുകയാണ് കാഞ്ഞിരക്കൊല്ലി മാതൃകാ പോളിംഗ് സ്റ്റേഷന്‍. കൂടാതെ പോളിംഗ് സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ക്ക് കളിസ്ഥലം, റെഡ് കാര്‍പ്പെറ്റ് സ്വീകരണം, പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണ വിതരണം, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ എന്നിവയും ഈ ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്.  

പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് പോളിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനം. ജൈവ മാലിന്യം, അജൈവ മാലിന്യം എന്നിവ ശേഖരിക്കുന്നതിന് ഓലകൊണ്ടുള്ള കുട്ടകളും, ഇതിന് പുറമെ ദിശാസൂചികകളും, ഫസ്റ്റ് എയ്ഡ് ബോക്‌സും, തോരണങ്ങളും അലങ്കാരങ്ങളും ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. പോളിംഗ് കഴിഞ്ഞ് പോകുന്നവര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള താങ്ക്‌സ് കാര്‍ഡും, ഒപ്പം കല്‍ക്കണ്ടം, ഉണക്കമുന്തിരി എന്നിവ നല്‍കുകയും ചെയ്യും. അവശരായ രോഗികള്‍ക്ക് അത്യാവശ്യ ഉപയോഗത്തിന് വീല്‍ചെയര്‍ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫീഡ് ബാക്ക് ഫോറം എന്നിവയും ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനുകളില്‍ ലഭ്യമാണ്.

എല്ലാ മാതൃകാ പോളിംഗ് സ്റ്റേഷനുകളിലും ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വെളിച്ചം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, വോട്ടര്‍ സഹായ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് സംവിധാനം, വീല്‍ചെയര്‍ തുടങ്ങിയവക്കു പുറമെ, വോട്ടര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം, തണലിടം, വളണ്ടിയര്‍ സേവനം തുടങ്ങിയ സേവനങ്ങളും ഈ സ്റ്റേഷനിലുണ്ടാവും. ജില്ലയിലെ ഓരോ നിയമസഭ മണ്ഡലത്തിലും ഒന്നു വീതം പോളിംഗ് സ്റ്റേഷനുകളാണ് മാതൃകാ പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നത്.

 

date