Skip to main content
കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പ്രശ്‌ന ബാധിത പ്രദേശത്തെ  പോളിങ് ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍  ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു, തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ എസ് ഗണേഷ് എന്നിവര്‍ വിലയിരുത്തുന്നു. 

43 ബൂത്തുകളിലെ വോട്ടെടുപ്പ്  തല്‍സമയം  നിരീക്ഷിച്ച് കളക്ടറും സംഘവും

തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ തല്‍സമയം നിരീക്ഷിച്ച് തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബുവും സംഘവും. കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലാണ് ജില്ലയിലെ 43 ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തല്‍സമയം നിരീക്ഷിച്ചത്. കളക്ടര്‍ക്കു പുറമെ പൊതുനിരീക്ഷകന്‍ എസ്.ഗണേഷ്, പൊലീസ് നിരീക്ഷകന്‍ ഓംപ്രകാശ് ത്രിപാഠി, എഡിഎം: സി ബിജു, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി പി അബ്ദു റഹ്മാന്‍,  ട്രയിനിങ്ങ് നോഡല്‍ ഓഫീസര്‍ കെ.വിനോദ് കുമാര്‍ എന്നിവര്‍ തല്‍സമയ നിരീക്ഷണത്തില്‍ പങ്കാളികളായി. 

ഹുസൂര്‍ ശിരസ്തദാര്‍ കെ.നാരായണന്റെ ഏകോപനത്തില്‍ കളക്ടറേറ്റിലെ ജീവനക്കാരാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചത്.എന്‍ ഐ സി ജില്ലാ ഓഫീസര്‍ കെ.രാജന്റെ നേതൃത്വത്തില്‍ സാങ്കേതിക സഹായം നല്‍കി. അക്ഷയ ജില്ല പ്രൊജക്ട് മാനേജര്‍ ശാരിക ബാലഗോപാലന്റെ  നേതൃത്വത്തിലാണ് വെബ് കാസ്റ്റിംഗ് നടത്തിയത്.

പ്രശ്‌നബാധിത ബൂത്തുകളോരോന്നിലും സെറ്റ് ചെയ്ത വെബ്ക്യാമറയില്‍ നിന്നുള്ള തല്‍സമയ ദൃശ്യങ്ങളാണ് കണ്‍ട്രോള്‍ റൂമില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം  വീക്ഷിച്ചത്. ബൂത്തുകളില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് സമീപത്തായി സ്ഥാപിച്ച വെബ്ക്യാമറ, വോട്ടര്‍ പോളിങ് ബൂത്തിനകത്ത് പ്രവേശിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഒപ്പിയെടുത്തു. ബൂത്തിനകത്ത് എണ്ണത്തിലധികം വോട്ടര്‍മാര്‍ പ്രവേശിക്കുമ്പോള്‍ അതത് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കളക്ടര്‍ കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ച് വാര്‍ത്താവിനിമയ സംവിധാനം വഴി തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. 

ഏതെങ്കിലും ബൂത്തുകളിലെ ദ്യശ്യങ്ങള്‍ വലുതായി കാണണമെങ്കില്‍ അതിനായി രണ്ടു പ്രൊജക്ടറുകളും വലിയ സ്‌ക്രീനുകളും ഒരുക്കിയിരുന്നു. ഇലക്ഷന്‍ ജീവനക്കാര്‍, എന്‍.ഐ.സി, കെഎസ്ഇബി, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഇരുപതിലധികം ജീവനക്കാരാണ് ബൂത്തുകളുടെ നിരീക്ഷണത്തില്‍ പങ്കാളികളായത്. അക്ഷയക്കായിരുന്നു വെബ്കാസ്റ്റിങിന്റെ ചുമതല. ബിഎസ്എന്‍എല്‍ ആണ് വെബ്കാസ്റ്റിങിന് ആവശ്യമായ  നെറ്റ് വര്‍ക്ക് സൗകര്യം ഒരുക്കിയത്. 

date