Skip to main content

തെരഞ്ഞെടുപ്പു സമയത്ത് അനാവശ്യ വിവാദം സൃഷ്ടിച്ചവര്‍ക്കെതിരെ  കര്‍ശന നടപടി: ജില്ലാ കളക്ടര്‍

 

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ വിവാദം സൃഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം എസ്എന്‍ഡിപി ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ നോബിള്‍ ഫിലിപ്പ് എന്ന വോട്ടര്‍ ഉന്നയിച്ച പരാതിയുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ സ്‌കൂളിലെ 138ാം ബൂത്തിലാണ് നോബിള്‍ ഫിലിപ്പ് വോട്ട് ചെയ്യാനെത്തിയത്. താന്‍ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിക്കല്ല വോട്ട് മെഷ്യനില്‍ തെളിഞ്ഞത് എന്ന പരാതി വാക്കാല്‍ ഉന്നയിക്കുകയും എന്നാല്‍ രേഖാമൂലം പരാതി നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ബൂത്ത് സന്ദര്‍ശിച്ച കളക്ടര്‍ ഇത്തരം പരാതി മറ്റാര്‍ക്കെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും ആര്‍ക്കും പരാതിയില്ലെങ്കില്‍ നോബിളിനെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു. 

ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവത്തനങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി ജില്ലാ കളക്ടര്‍ പി ബി നൂഹ്, ജില്ലാ പോലീസ് മേധാവി ജി.ജയദേവ് എന്നിവര്‍ സെന്റ് മേരീസ് എം.റ്റി.എല്‍.പി സ്‌കൂള്‍ കിടങ്ങന്നൂര്‍, ഗവണ്‍മെന്റ്  എല്‍ പി എസ് കിടങ്ങന്നൂര്‍, എസ് എന്‍ ഡി പി ഹൈസ്‌കൂള്‍ ഇടപ്പരിയാരം എന്നീ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തുകയും ചെയ്തു.                              (ഇലക്ഷന്‍: 244/19)

date