Skip to main content

വിധിയെഴുത്ത് 13,57,819 വോട്ടര്‍മാര്‍ ഇന്നു ബൂത്തിലേക്ക്

 

 

പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍ ഇന്നു പോളിങ് ബൂത്തിലേക്ക്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം എസ്‌കെഎംജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലേത് എസ്ഡിഎംഎല്‍പി സ്‌കൂളിലും മാനന്തവാടി മണ്ഡലത്തിലേത് എസ്‌കെഎംജെ ജൂബിലി ഹാളിലുമായാണ് ക്രമീകരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ വോട്ടെടുപ്പിനുള്ള സാമഗ്രികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈപറ്റി. തുടര്‍ന്ന് വാഹനങ്ങളില്‍ റൂട്ട് ഓഫീസര്‍മാര്‍, സെക്ടര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അകമ്പടിയോടെ പോളിങ് സ്‌റ്റേഷനുകളിലേക്ക് കൊണ്ടുപോയി.                                                                                                                                                                                                                    

 വോട്ടര്‍മാരില്‍ 7,63,642 പേരും വയനാടിനു പുറത്തുള്ള നാലു നിയോജക മണ്ഡലങ്ങളിലുള്ളവരാണ്. 5,94,177 വോട്ടര്‍മാരാണ് വയനാട്ടില്‍. ഇതില്‍ 2,93,666 പുരുഷന്മാരും 3,00,511 സ്ത്രീകളുമുണ്ട്. ലോക്സഭാ മണ്ഡലത്തില്‍ ആകെ 6,73,011 പുരുഷ വോട്ടര്‍മാരും 6,84,807 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. രാവിലെ എഴുമുതലാണ് വോട്ടിംഗ് ആരംഭിക്കുന്നത്. ജില്ലയിലെ എല്ലാ ബൂത്തുകളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സേനകളുടെ വിന്യാസങ്ങളും 23 പോളിങ് സ്‌റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും പൂര്‍ത്തിയായി. വൈകിട്ട് ആറ് മണിക്ക് മുമ്പായി ക്യൂവില്‍ ഇടം നേടുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും.

date