Skip to main content

50 ശതമാനത്തിലധികം വോട്ടും സ്ത്രീകളുടേത്; നൂറും തികച്ച് ട്രാന്‍സ്‌ജെന്‍ഡര്‍

ജനസംഖ്യയില്‍ സ്ത്രീകള്‍ കൂടുതലുള്ള ജില്ലയാണ് പത്തനംതിട്ട. ആ മേധാവിത്വം വോട്ടുചെയ്യുന്നതിലും സ്ത്രീകള്‍ നിലനിര്‍ത്തി. ആകെ വോട്ട് ചെയ്യപ്പെട്ടതില്‍ പകുതിയിലധികവും സ്ത്രീകളുടെ വോട്ടാണ്. എന്നാല്‍ 100 ശതമാനംപേരും വോട്ട് ചെയ്തവരായിമാറി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗവും ശ്രദ്ധനേടി. കാഞ്ഞിരപ്പള്ളി, ആറന്മുള, അടൂര്‍ മണ്ഡലങ്ങളില്‍നിന്ന് ഓരോരുത്തര്‍വീതം ആകെ മൂന്ന് പേരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എപ്പിക് കാര്‍ഡ് ഉള്ളവരുടെ  വിഭാഗത്തില്‍ ഉണ്ടായിരുന്നത്. മണ്ഡലത്തില്‍ ആകെയുള്ള 716884 വനിതാ വോട്ടര്‍മാരില്‍ 531826 പേരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. അതേസമയം 490934 പുരുഷന്‍മാര്‍ മാത്രമാണ് ബൂത്തിലെത്തിയത്. ആകെ 661700 പുരുഷവോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ പൂഞ്ഞാറില്‍ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.
പൂഞ്ഞാറില്‍ ആകെയുള്ള 89123 സ്ത്രീ വോട്ടര്‍മാരില്‍ 67190 പേര്‍ വോട്ട് ചെയ്തപ്പോള്‍ ആകെയുള്ള 89612 പുരുഷന്‍മാരില്‍ 70911 പേരും വോട്ടുചെയ്തു. ഏറ്റവും കുറവ് സ്ത്രീ വോട്ടര്‍മാരെ ബൂത്തിലെത്തിച്ച നിയമസഭാ മണ്ഡലവും പൂഞ്ഞാര്‍ തന്നെ. കാഞ്ഞിരപ്പള്ളിയില്‍ 87676 പുരുഷവോട്ടര്‍മാരില്‍ 69333 പേരും 91029 സ്ത്രീ വോട്ടര്‍മാരില്‍ 69982 പേരും വോട്ട് അവകാശം വിനിയോഗിച്ചു. 
പത്തനംതിട്ട ജില്ലയിലും ലോക്‌സഭാമണ്ഡലത്തിലും ഏറ്റവും അധികം സ്ത്രീ വോട്ടര്‍മാരെ ബൂത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് ആറന്മുളയ്ക്കാണ്. 87395 പേര്‍. ഇവിടെ ആകെ സ്ത്രീ വോട്ടര്‍മാര്‍ 120296 ആണ്. 107473 പുരുഷ വോട്ടര്‍മാരില്‍ 76600 പേരും വോട്ടുചെയ്തു. ജില്ലയില്‍ കുറവ് സ്ത്രീകളെ ബൂത്തിലെത്തിച്ചത് റാന്നിയാണ്. 98376 സ്ത്രീ വോട്ടര്‍മാരില്‍ 68985 പേരാണ് വോട്ട് ചെയ്തത്. ഇവിടെ 92288 പുരുഷ വോട്ടര്‍മാരില്‍ 65674 പേരും വോട്ടുചെയ്തു.
കോന്നിയില്‍ 77332 സ്ത്രീകളും തിരുവല്ലയില്‍ 76482 സ്ത്രീകളും വോട്ടുചെയ്തു. കോന്നിയില്‍ 102673 ഉം തിരുവല്ലയില്‍ 107303 ഉം സ്ത്രീവോട്ടര്‍മാരാണുള്ളത്. പുരുഷന്‍മാരുടെ കണക്കില്‍ കോന്നിയില്‍ ആകെയുള്ള 92032 പേരില്‍ 67217 ഉം തിരുവല്ലയില്‍ 97743 പേരില്‍ 69978 പേരും വോട്ട് ചെയ്തു. കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്ത കണക്കില്‍ രണ്ടാം സ്ഥാനത്ത് അടൂരാണുള്ളത്. 108084 സ്ത്രീവോട്ടര്‍മാരില്‍ 84460 പേരും വോട്ടുചെയ്തു. ഇവിടെ 94874 പുരുഷ വോട്ടര്‍മാരില്‍ 71221 പേരും വോട്ടുചെയ്തു.                                               (ഇലക്ഷന്‍: 252/19)
 

date