Skip to main content

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 80.57 ശതമാനം പോളിങ്

പോളിങില്‍ 2.08 ശതമാനം വര്‍ധന;  85.86 ശതമാനവുമായി  പയ്യന്നൂര്‍ നിയമസഭാ മണ്ഡലം മുന്നില്‍

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 80.57 ശതമാനം പോളിങ്. ഏഴു നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 13,60,827 വോട്ടര്‍മാരില്‍ 10,96,470  പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 5,07,594 പുരുഷന്മാരും 5,88,875 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. 6,56,433 പുരുഷന്മാരും 7,04,392 സ്ത്രീകളുമായിരുന്നു വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. സ്ത്രീകളാണ് വോട്ട് ശതമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 
    2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ വര്‍ധനയുണ്ട്. കഴിഞ്ഞ തവണ 78.49 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് നില. ഇത്തവണ പോളിങില്‍ 2.08 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
 പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 85.86 ശതമാനമാണ് പോളിങ്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ 1,75,116 വോട്ടര്‍മാരില്‍ 1,50,358 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്താണ് ഏറ്റവും കുറവ് (75.87 ശതമാനം). കല്യാശേരിയില്‍ 83.06 ശതമാനവും തൃക്കരിപ്പൂരില്‍ 83.46, കാഞ്ഞങ്ങാട് 81.31, ഉദുമ 79.33, കാസര്‍കോട് 76.32 ശതമാനം എന്നിങ്ങനെയാണ് പോളിങ് നില. 
1,317 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ നടന്ന വോട്ടെടുപ്പില്‍  ആറുമണിക്ക് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചു.  എന്നാല്‍ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറുണ്ടായത് കാരണം വോട്ടെടുപ്പ് രാത്രിയിലാണ് അവസാനിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണു നിയമിച്ചിരുന്നത്. ഇവര്‍ക്ക് പുറമേ 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ടായിരുന്നു. പോളിങ് ബൂത്തുകളിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് 2641 പൊലീസുകാരെയും വിന്യസിപ്പിച്ചിരുന്നു. 
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ 15 സ്‌ട്രോങ് റൂമുകളിലായാണ് 1317 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷിനുകള്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ സൂക്ഷിച്ചിരിക്കുന്നത്.  
 

date