Skip to main content
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും സൂക്ഷിച്ചിരിക്കുന്ന പടക്കാട് നെഹ്‌റു കോളേജിലെ സ്‌ട്രോങ് റൂമിന് മുന്നില്‍ തോക്കുമായി കാവല്‍ നില്‍ക്കുന്ന സുരക്ഷാഭടന്‍.

വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും ഇനി ഒരു മാസം സ്‌ട്രോങ് റൂമില്‍ സുരക്ഷിതം

 കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പടന്നക്കാട് നെഹ്‌റു കോളേജിലെ സ്‌ട്രോങ് റൂമില്‍ ഇന്നലെ(24) പുലര്‍ച്ചെ അഞ്ചു മണിയോടെ എത്തിച്ചു. ഏഴ് നിയോജക മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രസാമഗ്രികളാണ് 15 സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുന്നത്. കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെയും പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെയും സ്വീകരണ കേന്ദ്രങ്ങള്‍ വഴി സ്വീകരിച്ച വോട്ടിങ് സാമഗ്രികളാണ് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. 
      കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ പോളിങ് ഉദ്യോഗസ്ഥരില്‍ നിന്ന് കൈപ്പറ്റിയ വോട്ടിങ് സാമഗ്രികള്‍ കനത്ത പൊലീസ് സുരക്ഷയോടെയാണ് പടന്നക്കാട് നെഹ്‌റു കോളേജില്‍ എത്തിച്ചത്. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു, മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ എസ് ഗണേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി അബ്ദു റഹ്മാന്‍, ഏഴ് നിയമസഭാ മണ്ഡലളിലേയും ഉപവരണാധികാരികളായ സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, കാസര്‍കോട് ആര്‍ ഡി ഒ അബ്ദു സമദ് പി.എ,  ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍) എസ്.എല്‍ സജികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍ എ)  നളിനി മാവില, ഡെപ്യൂട്ടി കളക്ടര്‍(ആര്‍ ആര്‍) പി.ആര്‍ രാധിക, കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍)  സി.ജി  ഹരികുമാര്‍,  കണ്ണൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുതുകണ്ടി, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍  എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടിങ് സാമഗ്രികള്‍ സീല്‍ ചെയ്ത് സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചത്. 
ത്രിതല സുരക്ഷാ സംവിധാനമാണ് സ്‌ട്രോങ് റൂമില്‍ ഒരുക്കിയിരിക്കുന്നത്. കേന്ദ്രസേന, സംസ്ഥാന പൊലീസ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരടങ്ങുന്നതാണ് ത്രിതല  സുരക്ഷാ സംവിധാനം. വോട്ടെണ്ണല്‍ ദിനമായ മേയ് 23 ന് മാത്രമേ സ്‌ട്രോങ് റൂം തുറക്കുകയുള്ളൂ. 

 

date