Skip to main content

ചായ്യോത്ത് സ്‌കൂളിലെ ബൂത്തില്‍ 99 ശതമാനം പോളിങ്

61.7 ശതമാനവുമായി രാമന്തളി സ്‌കൂളിലെ ബൂത്ത് ഏറ്റവും പിന്നില്‍

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 99 ശതമാനം പോളിങോടെ ചായ്യോത്ത് സ്‌കൂളിലെ ബൂത്ത് ശ്രദ്ധേയമായി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ചായ്യോത്ത്  ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 190-ാം നമ്പര്‍ ബൂത്താണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് നിലയുമായി അപൂര്‍വ നേട്ടം കരസ്ഥമാക്കിയത്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ രാമന്തളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 116-ാം ബൂത്തിലാണ് ലോക്‌സഭാ മണ്ഡലത്തിലെ ഏറ്റവും കുറവ് (61.7) പോളിങ് രേഖപ്പെടുത്തിയത്. 
മഞ്ചേശ്വരത്തെ ഒരു ബൂത്തിലും പോളിങ് നില 90 ശതമാനം കടന്നില്ല. മഞ്ചേശ്വരത്ത് ഏറ്റവും കൂടിയ പോളിങ് (88 ശതമാനം) ജിഎച്ച്എസ്എസ് പദ്രെയിലെ 198-ാം ബൂത്തിലും കുറവ് (65.8 ശതമാനം) കുര്‍ച്ചിപള്ള ഗവ. ഹിന്ദുസ്ഥാനി യുപി സ്‌കൂളിലെ 79 -ാം ബൂത്തിലുമാണ്. 
കാസര്‍കോട് ഏറ്റവും കൂടുതല്‍ വോട്ട് (92.1 ശതമാനം) രേഖപ്പെടുത്തിയത് കുണ്ടില അങ്കണവാടിയിലെ 47-ാം ബൂത്തിലാണ്. ഈ മണ്ഡലത്തില്‍ മറ്റു ബൂത്തുകളിലൊന്നും പോളിങ് നില 90 ശതമാനം കടന്നില്ല. ഏറ്റവും കുറവ് (61.8 ശതമാനം) തളങ്കര ഗവ. മുസ്‌ലിം എല്‍പി സ്‌കൂളിലെ 170 -ാം ബൂത്തിലാണ്. 
ഉദുമയില്‍ കൂടിയത് (92.1 ശതമാനം) പാക്കം ജിഎച്ച്എസിലെ 115 -ാം ബൂത്തിലും കുറവ് (65.2 ശതമാനം) മൗവ്വലിലെ രിഫാഇയ്യ എല്‍പിഎസിലെ 119 -ാം ബൂത്തിലുമാണ്. 
കാഞ്ഞങ്ങാട് ഏറ്റവും കുറവ് (69.2 ശതമാനം) പടന്നക്കാട് ശ്രീ നാരായണ ടിടിയിലെ 171 -ാം ബൂത്തിലാണ്. 
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ എഎല്‍പിഎസ് പാലായിയിലെ 24 -ാം നമ്പര്‍ ബൂത്തില്‍ 98.2 ശതമാനം പോളിങ് ചെയ്തു. ഏറ്റവും കുറവ്(69.7 ശതമാനം) പടന്ന വികെപികെ എച്ച്എംഎംആര്‍ വിഎച്ച്എച്ച്എസ്എസിലെ 139 -ാം ബൂത്തിലാണ്. 
പയ്യന്നൂരില്‍ ഏറ്റവും കൂടുതല്‍ (97.2 ശതമാനം) പോളിങ് നടന്നത് മണിയറ ജിഎല്‍പി സ്‌കൂളിലെ  54 -ാം ബൂത്തിലാണ്. കല്യാശേരിയില്‍ കടന്നപ്പള്ളി എല്‍പി സ്‌കൂളിലെ 52 -ാം ബൂത്തില്‍ 98.7 ശതമാനവും ഗവ. ഗേള്‍സ് എച്ച്എസ് മാടായിയിലെ 65 -ാം ബൂത്തില്‍ ഏറ്റവും കുറഞ്ഞ (66.5 ശതമാനം) പോളിങ് നിലയും രേഖപ്പെടുത്തി. 

date