Skip to main content

ലോക മലമ്പനി ദിനാചരണം ഇന്ന്

ലോക മലമ്പനി ദിനാചരണം ജില്ലാതല  പരിപാടി ഇന്ന്(25)രാവിലെ 10ന് എ.എല്‍.പി.സ്‌കൂള്‍ ബല്ലകടപ്പുറം ആവിക്കരയില്‍ നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ     ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ എ.നാരായണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പിദിനേശ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
'മലമ്പനിനിവാരണത്തിന്റെ തുടക്കം എന്നില്‍ നിന്ന്' എന്നതാണ് ഈവര്‍ഷത്തെ ലോക മലമ്പനിദിനത്തിന്റെ മുദ്രാവാക്യം. പൊതുജനങ്ങളില്‍ രോഗത്തെകുറിച്ച് അവബോധം സൃഷ്ടിച്ചു രോഗനിയന്ത്രണം സാധ്യമാകുക എന്നതാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. 2020 തോടെ തദ്ദേശീയ മലമ്പനി പൂര്‍ണ്ണമായും ഇല്ലാതാക്കുക, മലമ്പനി മരണം ഒഴിവാക്കുക തുടങ്ങിയവയും പ്രധാനലക്ഷ്യങ്ങളാണ്. 

അനോഫിലസ് വിഭാഗത്തില്‍പ്പെടുന്ന പെണ്‍ കൊതുകുകള്‍ ആണ് രോഗം പരത്തുന്നത്. പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെടുന്ന ഏകകോശജീവികളാണ് രോഗകാരി. ഇടവിട്ടുള്ള ദിവസങ്ങളില്‍ ശക്തമായ വിറയലും പനിയും കുളിരും ശരീരം വിയര്‍ക്കലും രോഗലക്ഷണങ്ങളാണ്. കൊതുകു കടിയിലൂടെ രോഗം ഒരാളില്‍നിന്ന് മറ്റൊരാളിലേക്കു പകരുന്നു. കൊതുകു വളരാനും പെരുകാനുമുള്ള സാധ്യത ഒഴിവാക്കുക. കൊതുകു കടി എല്‍ക്കാതിരിക്കാന്‍ കൊതുകുവല ഉപയോഗിക്കുക, ഡ്രൈഡേ ആചരിക്കുക. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍, കിണറുകള്‍ എന്നിവിടങ്ങളില്‍ കൂത്താടി നിവാരണത്തിന് മത്സ്യങ്ങളെ നിക്ഷേപിക്കുക തുടങ്ങിയവ രോഗപ്രതിരോധത്തിന്റെ ഭാഗമായി നടത്താം.  ഇതരസംസ്ഥാനങ്ങളില്‍ യാത്ര കഴിഞ്ഞു വരുന്നവര്‍ പനിയുണ്ടെങ്കില്‍ നിര്‍ബന്ധമായും രക്തപരിശോധന നടത്തി മലമ്പനി ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇതരസംസ്ഥാന തൊഴിലാളികള്‍, മുന്‍വര്‍ഷങ്ങളില്‍ മലമ്പനി രോഗബാധ ഉണ്ടായിട്ടുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തണം. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശീയ മലമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്ന ജില്ലയാണ് കാസര്‍കോട് എങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ രോഗാതുരത കുറച്ചുകൊണ്ടുവരാന്‍  സാധിച്ചിട്ടുണ്ട്. 2020 ഓടെ ജില്ലയെ മലമ്പനിവിമുക്തജില്ല എന്നലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.  
ഇതിന്റെ ഭാഗമായി മലമ്പനി രോഗവ്യാപനം തടയുന്നതിനായി രോഗാവസ്ഥ മുന്‍കൂട്ടി കണ്ടെത്തല്‍, സമയബന്ധിതമായ ഇടപെടല്‍, രോഗപ്രധിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജലസംഭരണികളില്‍ മലമ്പനി പരത്താന്‍കഴിവുള്ള അനോഫിലസ് കൊതുകു കൂത്താടികളുടെ പ്രജനനം തടയാനായി ജലസംഭരണികള്‍ക്ക് കൊതുകുവല വിതരണം, കൂത്താടിഭോജി മത്സ്യവിതരണം, അതിഥിതൊഴിലാളികള്‍ക്ക് മലമ്പനിനിര്‍ണ്ണയ രക്തപരിശോധന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.  
രോഗപ്രധിരോധത്തിന്റെ  ഭാഗമായി വിവിധ വകുപ്പുകളുടെയും സന്നദ്ധത സംഘടനകളുടെയും പങ്കാളിത്തവും ഇടപെടലും ഉണ്ടായിരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി സെമിനാര്‍, ആരോഗ്യപ്രദര്‍ശനം, അതിഥി തൊഴിലാളികളുടെ സ്‌ക്രീനിംഗ്, കൊതുകു കൂത്താടി നിയന്തണം, ഗപ്പി മത്സ്യനിക്ഷേപം, ഓവര്‍ഹെഡ്ടാങ്കുകള്‍ വല കെട്ടല്‍ വിഡിയോപ്രദര്‍ശനം തുടങ്ങിയവ ഉണ്ടായിരിക്കും.

date