Skip to main content

ഉയര്‍ന്ന ജനാധിപത്യബോധം വോട്ടിങ്ങ് ശതമാനം ഉയര്‍ത്തി                                          :ജില്ലാ കളക്ടര്‍

 

 

     ജില്ലയില്‍  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗിന് കാരണമായത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധമാണെന്ന്  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവമാക്കി തീര്‍ത്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും പ്രത്യേകിച്ച് പുതുവോട്ടര്‍മാര്‍ക്കും നന്ദി പറയുന്നുവെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ വനാതിര്‍ത്തികളിലെ ബൂത്തുകളില്‍ പോലും നിര്‍ഭയം വോട്ട് ചെയ്യാനുള്ള സൗകര്യം ഭരണകൂടം ഉറപ്പാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡപ്രകാരമുളള പ്രശ്‌നബാധിത ബൂത്തുകളൊന്നും ജില്ലയിലില്ലെങ്കിലും പോലീസ് റിപ്പോര്‍ട്ട് ചെയ്ത 72 ബൂത്തുകളില്‍ അധിക സുരക്ഷയൊരുക്കി. പ്രതികൂലമായ കാലാവസ്ഥയിലും വൈകുന്നേരങ്ങളില്‍ മിക്ക പോളിങ്ങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. ജനാധിപത്യത്തിനെ ശക്തിപ്പെടുത്തുന്നതിന് വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച രീതിയിലാണ് ബോധവത്കരണം നടത്തിയത്. ആദിവാസി മേഖലകളിലടക്കം വോട്ടിങ്ങ് യന്ത്രങ്ങള്‍ പരിചയപ്പെടുത്താനും ബോധവത്കരണം നടത്താനും പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. തോട്ടം മേഖലയിലും കാര്‍ഷികമേഖലയില്‍ നിന്നുമെല്ലാം മികച്ച പ്രതികരണമാണുണ്ടായത്.  വോട്ട് വണ്ടിയും ജില്ലയില്‍ ഉടനീളം പര്യടനം നടത്തി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ കണ്ടെത്തി സ്വീപ് അംബാസിഡര്‍മാരായി നിയോഗിക്കുകയുണ്ടായി. ഇവരിലൂടെയുള്ള ബോധവത്കരണവും ഫലപ്രദമായി. വോട്ടിങ്ങ് പ്രക്രിയകളെ തളര്‍ത്താനുളള ചിലസംഘടനകളുടെ ആഹ്വാനങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞതായും ജില്ലാ കളക്ടര്‍ പറഞ്ഞു. 

 

   ദേശീയ തലത്തില്‍ ശ്രദ്ധനേടിയ മണ്ഡലം എന്ന നിലയില്‍ വളരെ കരുതലോടെയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയത്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണവും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ മുന്നേറ്റമായി. ഹരിത തെരഞ്ഞെടുപ്പ് മുന്നേട്ട് വെച്ച നിയമാവലികള്‍ പാലിക്കാന്‍ ഏവരും സഹകരിച്ചു. തെരഞ്ഞെടുപ്പിനായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളാണ് നടത്തിയത്. ഇതിനായി ജീവനക്കാരും അക്ഷീണം പ്രയത്‌നിച്ചു.രണ്ടായിരത്തി മൂന്നൂറോളം പേര്‍ പോളിംഗ് ബൂത്തുകളിലും 2652  പേര്‍ മറ്റ് പ്രക്രിയകളിലും ഏര്‍പ്പെട്ടു. ഇവരെ കൂടാതെ 55 മൈക്രോ ഒബ്‌സര്‍വര്‍മാരും റിസപ്ഷന്‍ , വിതരണ കേന്ദ്രങ്ങളില്‍ നാനൂറോളം പേരും വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. എല്ലാവരോടും ജില്ല കളക്ടര്‍ എ.ആര്‍.അജയകുമാര്‍ നന്ദിയറിയിച്ചു. 

 

    വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച കണക്കുകള്‍ ബുധനാഴ്ച്ച രാവിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്‌ട്രേറ്റില്‍ സൂക്ഷമ പരിശോധന നടത്തി. പൊതു നിരീക്ഷകന്‍ ബോബി വൈക്കോം, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date