Skip to main content

രാവിലെയെത്തി ജനനായകർ

ആലപ്പുഴ : ജില്ലയിൽ നിന്നുള്ള ജനനേതാക്കൾ കുടുംബലസമേതമെത്തി വോട്ടു ചെയ്തു. ജില്ലയിൽ നിന്നുള്ള  മൂന്നു മന്ത്രിമാരും പ്രതിപക്ഷനേതാവും  ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനും ഉൾപ്പടെയുള്ള ജനനായകർ, ആദ്യകേരള മന്ത്രിസഭയിലെ വനിത പ്രതിനിധി തുടങ്ങി ജില്ലയുടെ ജനനായകരെല്ലാം രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. നൂറാം വയസിലും ആദ്യവോട്ടിന്റെ ആവേശത്തോടെയാണ് ഗൗരിയമ്മ എസ്.ഡി.വി. സ്‌കൂളിലെ 206-ാം നമ്പർ ബൂത്തിൽ ബന്ധുക്കൾക്കൊപ്പം വോട്ടുചെയ്യാനെത്തിയത്. 

പറവൂർ  ഗവ. എച് എസ് പറവൂരിലെ 87-ാം   നമ്പർ ബൂത്തിൽ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ രാവിലെ ഏഴിന് ബൂത്തിലെ ആദ്യവോട്ടു തന്റേതാക്കി. ഭാര്യ ജൂബിലി നവപ്രഭ, മകൻ നവനീത് എന്നിവർക്കൊപ്പമാണ് മന്ത്രി വോട്ടുചെയ്യാനെത്തിയത്.  ധനമന്ത്രി  ഡോ.ടി.എം തോമസ് ഐസക്ക് ആലപ്പുഴ എസ്.ഡി.വി  ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ രാവിലെ ഒമ്പതോടെ  വോട്ടു ചെയ്തു.

ഭക്ഷ്യമന്ത്രി പി.തിലോത്തമൻ അഴീപറമ്പ് വി.വി. ഗ്രാമത്തിലെ ഉത്പാദന പരിശീലന കേന്ദ്രത്തിലെ  106-ാം ബൂത്തിൽ രാവിലെ തന്നെ വോട്ടു ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുടുംബവും തൃപ്പെരുന്തുറ ഗവ.യു.പി.സ്‌കൂളിലെ 152-ാം ബൂത്തിൽ കുടുംബത്തോടൊപ്പമെത്തിയാണ് രാവിലെ തന്നെ വോട്ടു ചെയ്തത്.  കേരള ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പറവൂർ  ഗവ. എച്.എസിലം 86-ാം  ബൂത്തിൽ  വോട്ടുചെയ്തു. മകൻ അരുൺ കുമാറിന്റെ സഹായത്തോടെയാണ് വോട്ട് ചെയ്യാൻ എത്തിയത്. സംവിധായകൻ ഫാസിലും മകൻ ഫഹദ് ഫാസിലും  സെന്റ് സെബാസ്റ്റൻസ് എൽ. പി.സ്‌കൂളിലെ 209-ാം ബൂത്തിൽ  വോട്ടു രേഖപ്പെടുത്തി. 

 

date