Skip to main content

ഭിന്നശേഷിക്കാർക്കായി 261 ഓട്ടോറിക്ഷകൾ, ബോട്ടുകൾ, പാലിയേറ്റീവ് വാഹനങ്ങൾ എന്നിവയൊരുക്കി · 3644 പേർ പ്രത്യേക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വോട്ട് ചെയ്തു

ആലപ്പുഴ: ജില്ലയിൽ ഭിന്നശേഷിക്കാർക്ക് സുഖകരമായി വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും. ജില്ലയിലെ ഭിന്നശേഷിക്കാർക്കായി 261 ഓട്ടോറിക്ഷകൾ, ആവശ്യത്തിന് വീൽചെയറുകൾ, 79 പാലിയേറ്റീവ് വാഹനങ്ങൾ, മൂന്നു ബോട്ടുകൾ എന്നിവ തയ്യാറാക്കി നൽകി. ഭിന്നശേഷിക്കാരായ വോട്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കി അവരെ നേരിൽ ഉദ്യോഗസ്ഥർ സമീപിച്ചാണ് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയത്. ചമ്പക്കുളം, കൈനകരി ഭാഗങ്ങളിലേക്കാണ് ഭിന്നശേഷിക്കാരായ വോട്ടർമാർക്കുവേണ്ടി ബോട്ട് സർവീസ് ഒരുക്കിയത്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ സാമൂഹ്യ നീതി ഓഫീസർ സാബു ജോസഫിനെ നോഡൽ ഓഫീസറായി നിയമിച്ചിരുന്നു. ഭിന്നശേഷി വോട്ടർമാർ ഉള്ള എല്ലാ സ്ഥലങ്ങളിലും അംഗനവാടി വർക്കർമാർ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റാഫ് നഴ്‌സുമാർ എന്നിവർ മുഴുവൻ സമയ സന്നദ്ധപ്രവർത്തകരായി പ്രവർത്തിച്ചതുവഴിയാണ് ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞത്. അസിസ്റ്റന്റ് നോഡൽ ഓഫീസർമാരായി ബ്ലോക്ക് തലത്തിൽ ശിശുവികസന പദ്ധതി ഓഫീസറും പഞ്ചായത്ത് തലത്തിൽ ഐ.സി.ഡി.എസ്.സൂപ്പർവൈസർമാരും പ്രവർത്തിച്ചു. ഓരോ അസംബ്ലി മണ്ഡലം തിരിച്ച് പ്രത്യേക സോണൽ ഓഫീസർമാർക്ക് ചുമതലയും നൽകിയിരുന്നു. 

ആലപ്പുഴ മണ്ഡലത്തിൽ 2398 ഭിന്നശേഷിക്കാരാണ് തങ്ങൾക്ക് വോട്ട് ചെയ്യാൻ സഹായം ആവശ്യപ്പെട്ടത്. വോട്ട് ചെയ്യാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നവരായിരുന്നു ഇവർ. സഹായം എത്തിച്ചതോടെ 2118 പേർ വോട്ട് ചെയ്യാനെത്തി. മാവേലിക്കര മണ്ഡലത്തിൽ 1688 പേർ സഹായം തേടി രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 1526 പേർ വോട്ട് ചെയ്യിച്ചു. രണ്ടു പാർലമെന്റ് മണ്ഡലത്തിലുമായി 3644 പേർ പ്രത്യേക സേവനം ഉപയോഗപ്പെടുത്തി വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ അരൂർ നിയമസഭാ മണ്ഡലത്തിൽ 307 പേരും ചേർത്തലയിൽ 340 പേരും ആലപ്പുഴയിൽ 353 പേരും അമ്പലപ്പുഴയിൽ 165 പേരും കുട്ടനാട് 532 പേരും ഹരിപ്പാട് 459 പേരും കായംകുളത്ത് 494 പേരും മാവേലിക്കരയിൽ 770 പേരും ചെങ്ങന്നൂരിൽ 224 പേരും പി.ഡബ്ല്യൂ.ഡി സംവിധാനം ഉപയോഗപ്പെടുത്തി വോട്ട് രേഖപ്പെടുത്തി.

 

date