Skip to main content

ന്യൂനമര്‍ദ്ദം: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഏപ്രില്‍ 27 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 27ന് അതിരാവിലെ 12 മണിയോടെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തിച്ചേരണമെന്നും അറിയിച്ചു.
ഏപ്രില്‍ 25 രാത്രി 11.30 വരെ തീരത്ത് 1.5മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനും പ്രസ്തുത പ്രദേശങ്ങളില്‍ ഈ കാലയളവില്‍ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ഏപ്രില്‍ 25ഓടെ ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചത്.
അതിന്റെ ഫലമായി 25ന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാവാനും 26ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാവാനും 27ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 മുതല്‍ 70കിലോമീറ്റര്‍ വരെയാവാനും 28ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 മുതല്‍ 90കിലോമീറ്റര്‍ വരെയും തമിഴ് നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ട്.

date