Skip to main content

പട്ടികജാതി പട്ടിക വര്‍ഗ വാര്‍ഷിക പദ്ധതി നടത്തിപ്പ് വേഗത്തിലാക്കും

ജില്ലയില്‍ തദ്ദേശഭരണസ്ഥാപനങ്ങളിലൂടെ പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ  നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് നിര്‍ദ്ദേശം. 
മഞ്ചേശ്വരം, കാസര്‍കോട്, കാറഡുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്ക് പരിധിയിലെ തദ്ദേശഭരണസ്ഥാപനങ്ങളുടേയും കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലേയും പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഉപ പദ്ധതികളുടെയും പ്രത്യേക ഘടകപദ്ധതികളുടെയും അവലോകനമാണ് നടത്തിയത്.  പൊതു വാര്‍ഷിക പദ്ധതി തുക ചെലവഴിക്കുന്നതില്‍ കാസര്‍കോട് ജില്ല 30.25ശതമാനം തുക ചെലവഴിച്ച് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. ജീവനക്കാരുടെ അഭാവം മൂലം ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത് അഭിമാനകരമാണെന്ന് കളക്ടര്‍ പറഞ്ഞു. എന്നാല്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ചെലവ് ശതമാനം യഥാക്രമം 17.13ശതമാനം , 24.11ശതമാനം എന്നിങ്ങനെയാണ്. ഈ വിഭാഗത്തില്‍ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാനും തീരുമാനമായി. 
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, തദ്ദേശഭരണസ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

date