Skip to main content
തിരുവല്ല താലൂക്ക്തല പരാതി പരിഹാര അദാലത്ത് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉദ്ഘാടനം ചെയ്യുന്നു

താലൂക്ക്തല അദാലത്തുകള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും - ജില്ലാ കളക്ടര്‍

    താലൂക്ക് തലത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തുകള്‍ സ ര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. തിരുവല്ല ഡിറ്റിപിസി സത്രം ഓഡിറ്റോറിയത്തില്‍ തിരുവല്ല താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. കഴിഞ്ഞ ആഗസ്റ്റില്‍ ജില്ലയിലെ ആറ് താലൂക്കുകളിലും പരാതിപരിഹാര അദാലത്തുകള്‍ നടത്തിയിരുന്നു. ഈ അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും തീര്‍പ്പാക്കുവാന്‍ കഴിഞ്ഞു.  സര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശപ്രകാരം ഒരു മാസം ഒരു താലൂക്കില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. ജില്ലയിലെ ആറ് താലൂക്കുകളിലും ഇത്തരത്തി ല്‍ സംഘടിപ്പിക്കുന്ന അദാലത്തുകളില്‍ ആദ്യത്തേതാണ് തിരുവല്ലയില്‍ നടന്നത്. 
    ജനുവരിയില്‍ അടൂരിലും തുടര്‍ന്ന് ഓരോ മാസവും ഓരോ താലൂക്കുകളിലും അദാലത്ത് നടക്കും. ഇങ്ങനെ ഓരോ മാസവും ഓരോ താലൂക്കുകളില്‍ അദാലത്ത് നടത്തുമ്പോള്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും ആറ് മാസത്തിലൊരിക്കല്‍ ഒരു അദാലത്ത് വീതം നടക്കും. മുമ്പ് നടത്തിയ അദാലത്തുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പരാതികളിലും റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുളള പരാതികളും ധാരാളമായി ഉണ്ടായിരുന്നു. ഇനി മുതല്‍ അദാലത്തില്‍ ഈ രണ്ട് വിഭാഗത്തിലുള്ള പരാതികള്‍ സ്വീകരിക്കില്ല. ഇവ ബന്ധപ്പെട്ട ഓഫീസുകളില്‍ നല്‍കാവുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കാലതാമസം ഉണ്ടാകുന്നില്ല. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ദുരിതാ     ശ്വാസ നിധിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ കഴിയുന്നുണ്ട്. വിവിധ ഭവന നിര്‍മാണ പദ്ധതികളില്‍ വീട് പണി പൂര്‍ത്തിയാകാത്ത എല്ലാ വീടുകളുടെയും പണി പൂര്‍ത്തിയാക്കുന്നതിന് മുഖ്യമന്ത്രി നല്‍കിയിട്ടുള്ള നിര്‍ദേശം ഉള്‍ക്കൊണ്ട് ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണം.  പൂര്‍ത്തിയാകാത്ത വീടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി ഉണ്ടാകാന്‍ പാടില്ല.
    റീസര്‍വെയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ഇവയില്‍ പലതും പരിഹരിക്കുന്നതിന് ഏറെ സമയമെടുക്കും. ചിലര്‍ പണം മുടക്കി സ്ഥലം വാങ്ങി എന്നാല്‍ റീസര്‍വെ കഴിഞ്ഞപ്പോള്‍ സ്ഥലം പുറമ്പോക്കായി. ചില സ്ഥലങ്ങളില്‍ വനഭൂമി അനുമതിയില്ലാതെ സ്വകാര്യഭൂമിയായി റീസര്‍വെയില്‍ രേഖപ്പെടുത്തി. ഇത്തരത്തില്‍ ഏറെ അപാകതകള്‍ റീസര്‍വെയില്‍ കടന്നുകൂടിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ള ഇത്തരം അപാകതകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍വെ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വെ ഉദ്യോഗസ്ഥരുടെ പിഴവു മൂലം സംഭവിച്ച ഇത്തരം അപാകതകള്‍ക്ക് വില നല്‍കേണ്ടിവരുന്നത് പൊതുജനങ്ങളാണ്. ഇത്തരത്തിലുള്ള പിഴവുകള്‍ അടിയന്തരമായി പരിഹരിച്ച് നല്‍കേണ്ട ബാധ്യതയുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും പ്രാധാന്യത്തോടെ  നടപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ 70 വില്ലേജുകളില്‍ 58ലും റീസര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. 
    ചുവപ്പുനാട ഒഴിവാക്കി ജനങ്ങളുടെ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കുക എന്ന ഉദ്ദേശത്തിലാണ് താലൂക്ക്തല അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആര്‍ഡിഒ ടി.കെ.വിനീത് പറഞ്ഞു. തഹസീല്‍ദാര്‍ ശോഭന ചന്ദ്രന്‍, ഭൂരേഖ തഹസീല്‍ദാര്‍ ബി.സതീഷ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
    ആകെ 84 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 17 പരാതികള്‍ മുമ്പ് ലഭിച്ചിരുന്നവയാണ്. പരാതി പരിഹാര വേദിയില്‍ 67 പരാതികളാണ് ലഭിച്ചത്. റവന്യു (27), നഗരസഭ (8), പഞ്ചായത്ത് (15), പൊതുമരാമത്ത് (2), പോലീസ് (4), കൃഷി (4), മറ്റ് വകുപ്പുകള്‍ (7) എന്നിങ്ങനെയാണ് പുതിയ പരാതികള്‍.     വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമാണ് അദാലത്തുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിച്ചിരുന്നത്. ലഭിച്ച പരാതികള്‍ എല്ലാം തന്നെ അടിയന്തര നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പരാതികളുടെ പരിഹാരം സംബന്ധിച്ച് പ്രത്യേക നിരീക്ഷണവും ഉണ്ടാകും. 
                                                     (പിഎന്‍പി 3404/17)
 

date