Skip to main content

അദാലത്ത് അനുഗ്രഹമായി കൊച്ചുമോള്‍ക്ക് ഇനി വീട് പണി തുടങ്ങാം

    കുറ്റപ്പുഴ കുതിരവേലില്‍ കെ.കെ കൊച്ചുമോള്‍ക്ക് മൂന്ന് സെന്‍റ് സ്ഥലം പട്ടയമായി സര്‍ക്കാര്‍ നല്‍കിയിരുന്നു. നിരാലംബയായ കൊച്ചുമോളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി തിരുവല്ല നഗരസഭയില്‍ നിന്നും വീടും അനുവദിച്ചു. എന്നാല്‍ വീട് പണി തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് പട്ടയം കിട്ടിയ ഭൂമിയില്‍ നില്‍ക്കുന്ന പ്ലാവ് വെട്ടുന്നതിന് അനുമതി ആവശ്യമാണെന്ന് കൊച്ചുമോള്‍ മനസ്സിലാക്കിയത്. മരത്തിന്‍റെ വില വനം വകുപ്പില്‍ നിന്നും നിശ്ചയിച്ച് നല്‍കിയാല്‍ മാത്രമേ മരം മുറിക്കാന്‍ കഴിയൂ. ചുരുങ്ങിയ സമയത്തിനുള്ളില്‍ വില നിശ്ചയിച്ച് നല്‍കാന്‍ വനം വകുപ്പിനെ സമീപിക്കുന്നതിനേക്കാള്‍ എളുപ്പം കളക്ടറെ സമീപിക്കുന്നതാണെന്ന് ബോധ്യപ്പെട്ട കൊച്ചുമോള്‍ വീണ്ടും അപേക്ഷയുമായി കളക്ടറുടെ മുന്നിലെത്തി. കൊച്ചുമോള്‍ അപേക്ഷയുമായെത്തിയപ്പോള്‍ കളക്ടര്‍ ആദ്യം ഒന്നമ്പരുന്നു. മുമ്പ് നല്‍കിയ പട്ടയത്തിലെ അപാകതയാണോ എന്ന് ചോദിച്ചു. എന്നാല്‍ പട്ടയം ലഭിച്ചത് വലിയ അനുഗ്രഹമായെന്നും നഗരസഭ വീട് അനുവദിച്ചെന്നും കൊച്ചുമോള്‍ തൊഴുകൈകളോടെ അറിയിച്ചു. പട്ടയം ലഭിച്ച ഭൂമിയില്‍ നില്‍ക്കുന്ന പ്ലാവ് വലുതായതിനാല്‍ അത് തുക അടച്ച് വാങ്ങാന്‍ തനിക്ക് മാര്‍ഗമില്ല. അത് സര്‍ക്കാര്‍ തന്നെ വെട്ടിമാറ്റിയാലേ വീട് വയ്ക്കാന്‍ കഴിയൂ. കൊച്ചുമോള്‍  പറഞ്ഞു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് വീട് പണി ആരംഭിക്കേണ്ടതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മരത്തിന്‍റെ വില നിശ്ചയിച്ച് അത് ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ക്കും റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.                                        (പിഎന്‍പി 3406/17)
 

date