Skip to main content

പത്താമത് കാര്‍ഷിക സെന്‍സസ് : മൂന്നാം ഘട്ടം ആരംഭിക്കുന്നു

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പത്താമത് കാര്‍ഷിക സെന്‍സസിന്റെ മൂന്നാം ഘട്ടമായ ഇന്‍പുട്ട് സര്‍വ്വേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി.  ദേശവ്യാപകമായി നടത്തുന്ന സെന്‍സസിന്റെ ഒന്നും (ലിസ്റ്റിംഗ്), രണ്ടും (പ്രധാന സര്‍വ്വെ) ഘട്ടങ്ങളുടെ ഡാറ്റാ ശേഖരണം പൂര്‍ത്തിയായി.  

മൂന്നാം ഘട്ടത്തില്‍ 2016 - 17 കാര്‍ഷിക വര്‍ഷം അടിസ്ഥാനമാക്കി കൃഷിക്ക് ഉപയോഗിക്കുന്ന വിത്തിനങ്ങള്‍, ജൈവ/രാസവളങ്ങള്‍, ജൈവ/രാസകീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍/യന്ത്രങ്ങള്‍, കാര്‍ഷിക വായ്പ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കും.  ഇതുപ്രകാരം തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ കര്‍ഷകരുടെ ഉന്നമനം, കാര്‍ഷിക മേഖലയുടെ വികസനം എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതി ആസൂത്രണത്തിന് ഉപയോഗിക്കും.

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍/സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ എന്നിവര്‍ ഫീല്‍ഡുതല വിവരങ്ങള്‍ ശേഖരിക്കും. വകുപ്പിലെ ജില്ലാതല / സംസ്ഥാനതല ഓഫീസര്‍മാര്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

സര്‍വേ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം സംസ്ഥാനത്ത് തിരുവനന്തപുരം കോഴിക്കോട് മേഖലകളില്‍ നടത്തും. ഡിസംബര്‍ 20 ന് 11 മണിക്ക് തിരുവനന്തപുരം, തൈക്കാട്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിലെ സില്‍വര്‍ ജൂബിലി ഹാളില്‍ നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. സര്‍വ്വേയുടെ വിവരശേഖരണത്തിന് വരുന്ന ഫീല്‍ഡ്തല ഓഫീസര്‍മാര്‍ക്ക് പൊതുജനങ്ങള്‍ വസ്തുനിഷ്ഠമായ വിവരങ്ങള്‍ നല്‍കി എല്ലാ സഹകരണവും നല്‍കണമെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു.

പി.എന്‍.എക്‌സ്.5371/17

date