Skip to main content
പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി  അടിമാലി പഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍ വൃക്ഷതൈ നടുന്നു.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട്  അടിമാലിയില്‍  പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

 

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലെയും തരിശ് സ്ഥലങ്ങളില്‍ ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, വിവിധ ഇനം ചെടികള്‍ തുടങ്ങിയവ നട്ടു പിടിപ്പിച്ച് പരമാവധി ഇടങ്ങളില്‍ പച്ചപ്പ് സൃഷ്ടിക്കുകയാണ് പച്ചതുരുത്ത് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ദേശിയപാത 185ല്‍ അടിമാലി പാല്‍ക്കോ പമ്പ് ജംഗ്ഷന്‍ മുതല്‍ പക്കായപ്പടി ജംഗ്ഷന്‍വരെയുള്ള ഭാഗങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സസ്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് ഭരണ സമിതി സ്വീകരിക്കും.

 

ആഗോളതാപനം, പ്രകൃതി ക്ഷോഭം, വരള്‍ച്ച എന്നിവ തടയുന്നതിനും വരുംതലമുറയക്ക് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ങ്ങള്‍ക്ക് പ്രചോദനമാകുന്നതിനും പച്ചത്തുരുത്ത് പദ്ധതിയിലൂടെ കഴിയുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിനായി തൈകള്‍ വിതരണം ചെയ്ത ജോമോന്‍ ജോസഫ്, ഗോപി ചെറുകുന്നേല്‍,നാസര്‍ അടിമാലി,  റെജി നളന്ദ, സിബിച്ചന്‍ എന്നിവരെയും  ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ്,  തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

date