Skip to main content
വാഴത്തോപ്പില്‍ ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം എല്‍ എ നിര്‍വഹിക്കുന്നു.

മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കം;  ജില്ലാതല ഉദ്ഘാടനം എംഎല്‍എ റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

 

 
 ആരോഗ്യ സംരക്ഷണത്തിന് മാലിന്യ മുക്തപരിസരം - എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിന്റെ ആദ്യ ദിനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ അതത് കേന്ദ്രങ്ങളിലും ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജനപ്രതിനിധികള്‍, ഹരിതകര്‍മ്മ സേന ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി - ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വ്യാപാരികള്‍, എന്‍ സി സി, എന്‍ എസ് എസ് , റെഡ് ക്രോസ് , സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.
      വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും വാഴത്തോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കരിമ്പനില്‍ സംഘടിപ്പിച്ച  ശുചികരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ  പകര്‍ച്ചവ്യാധികളുടെ നിരക്ക് കുറയ്ക്കുവാനും മരണസംഖ്യ നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ട്. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം അഭിനന്ദാര്‍ഹമാണെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.   
 കുടുംബശ്രീ അംഗങ്ങള്‍, അംങ്കണവാടി ആശ പ്രവര്‍ത്തകര്‍,ഹരിത കര്‍മ്മ സേന, ജനപ്രതിനിധികള്‍, ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ 50 അംഗ സംഘം കരിമ്പന്‍ ബസ് സ്റ്റാന്‍ഡും പരിസര പ്രദേശങ്ങളും വൃത്തിയാക്കി ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ വീടുകള്‍ കേന്ദ്രീകരിച്ച്  ശുചിത്വ പ്രവര്‍ത്തനം നടത്തും.   മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധി നിയന്ത്രണം, മാലിന്യ മുക്തമായ നാട് എന്നതാണ് ലക്ഷ്യംവയ്ക്കുന്നത്. ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ഗ്ലൗസ്, മാസ്‌ക്, മറ്റ് ശുചീകരണ ഉപകരണങ്ങള്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയും ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും നല്‍കിയിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്‌കരിക്കും.
 വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ജോര്‍ജ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ സുഷമ, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  സാജു സെബാസ്റ്റിയന്‍, വാഴത്തോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സിബി ജോര്‍ജ്, ഇടുക്കി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.വിനോദ്, പഞ്ചായത്ത് അംഗങ്ങളായ ടോമി ജോര്‍ജ്, അമല്‍. എസ്. ജോസ്, സെലിന്‍ പി.എം, കെ.എം  ജലാലുദ്ദീന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡൊമിനിക് പൂവത്തിങ്കല്‍  പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരായ സാബു ടി.ജെ, മനോജ്, സുജിത് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 അഴുത ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക്തല ശുചീകരണ യജ്ഞം ബ്ലോക്ക് പ്രസിഡന്റ് ആലീസ് സണ്ണി ഉദ്ഘാടനം ചെയ്തു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ലബ്ബക്കടയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ശശി ഉദ്ഘാടനം ചെയ്തു.  കൊക്കയാര്‍ ഗ്രാമപഞ്ചായത്തുതല ശുചീകരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെച്ചൂര്‍ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത്തല ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം 
 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുസുമം സതീഷ് നിര്‍വ്വഹിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ശാന്തി ഹരിദാസും പീരുമേട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് രജനി വിനോദും ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് കെ.സത്യനും പഞ്ചായത്തുതല ശുചീകരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കട്ടപ്പന നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും അതത് കൗണ്‍സിലര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
 കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു കൊണ്ട് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്  മെഗാശുചീകരണ യജ്ഞത്തില്‍ ഭാഗഭാക്കായി. ബ്ലോക്ക് തല ശുചീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി ഉദ്ഘാടനം ചെയ്തു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാന്‍ എല്ലാവരുടെയും കൂട്ടായ സഹകരണം ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കളകള്‍ വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് നീക്കം ചെയ്തും
ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പരിസരം വൃത്തിയാക്കി. വൈസ് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ കുട്ടിയമ്മ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കാഞ്ചിയാര്‍ രാജന്‍, ഇന്ദിര ശ്രീനി, രാജേന്ദ്രന്‍ മാരിയില്‍, ബിഡിഒ ധനേഷ്. ബി, എസ്.കെ.ഷാജി തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
കട്ടപ്പന ബ്ലോക്ക് പരിധിയിലുള്ള ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ , ഉപ്പുതറ, ചക്കുപള്ളം, വണ്ടന്‍മേട് ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് തലത്തിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും
ശുചീകരണം നടത്തി.
  തൊടുപുഴ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി  ഉദ്ഘാടനം നിര്‍വഹിച്ചു.കൗണ്‍സിലര്‍ഗോപാലകൃഷ്ണന്‍ കെ., നഗരസഭയിലെയും ജില്ലാ ആശുപത്രിയിലേയും ഉദ്യോഗസ്ഥര്‍, അംഗന്‍വാടി കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍,വ്യാപാരികള്‍ ,വഴിത്തല ശാന്തിഗിരി കോളേജിലെ എം.എസ്.ഡബ്ല്യൂ.വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. 35 വാര്‍ഡുകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍മാര്‍, ആരോഗ്യ ശുചിത്വ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി വരുന്നു.
 കരിമണ്ണൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ദേവസ്യ ദേവസ്യ  ഉദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അംഗന്‍വാടി, കുടുംബശ്രീ, ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് എന്നിവയുടെ പ്രവര്‍ത്തകര്‍   തുടങ്ങിയവര്‍ പങ്കാളികളായി. 14 വാര്‍ഡുകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മെമ്പര്‍മാര്‍, ആരോഗ്യ ശുചിത്വ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി വരുന്നു.
  അടിമാലിയില്‍  റോഡുകള്‍ കേന്ദ്രീകരിച്ചാണ് ശുചീകരണ യജ്ഞം നടത്തിയത്. പൊതുമരാമത്ത് റോഡുകളിലും, പഞ്ചായത്ത് റോഡുകളിലും ശുചീകരണം നടത്തി.  ദേശീയപാത 185 ലെ കത്തിപ്പാറ, കല്ലാര്‍കുട്ടി, ആയിരം ഏക്കര്‍,200 ഏക്കര്‍, വില്ലുംപടി എന്നിവടങ്ങളില്‍ റോഡരികില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ നീക്കം ചെയ്തു. അടിമാലി -രാജാക്കാട് റോഡില്‍ വിവിധ ഇടങ്ങളില്‍ റോഡരികുകളില്‍ പടര്‍ന്നുകിടന്നിരുന്ന മുള്‍പടര്‍പ്പുകളും കാടും നീക്കം ചെയ്തു. കത്തിപ്പാറയില്‍ റോഡരികില്‍ അനധികൃതമായി നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങളും ആദ്യദിനത്തില്‍ ശേഖരിച്ച് സംസ്‌കരിച്ചു.വാര്‍ഡുതലത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്. ശുചീകരണത്തിനായി എത്തിചേര്‍ന്നവര്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ചു. അടിമാലിയുടെ സമീപപഞ്ചായത്തുകളായ കൊന്നത്തടി,വെള്ളത്തൂവല്‍, മാങ്കുളം പഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിമാലി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റില്‍ എത്തിച്ച് സംസ്‌കരിക്കും. ജൈവമാലിന്യങ്ങള്‍ അതാത് പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് സംസ്‌കരിക്കുന്നത്. ഇ-മാലിന്യങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിച്ച്വെയ്ക്കുകയും തുടര്‍ന്ന് ഗ്രീന്‍ കേരള കമ്പനിയ്ക്ക് കൈമാറി സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ആദ്യദിനത്തില്‍ വാര്‍ഡുതലത്തില്‍ 50-മുതല്‍ 100 പേരോളമാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ജനപ്രതിനിധികള്‍,ഹരിത കര്‍മ്മസേന,ആരോഗ്യ പ്രവര്‍ത്തകര്‍,ആശ വര്‍ക്കര്‍മാര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരാണ്  ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടത്. 
 ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലും പരിസരപ്രദേശങ്ങളിലും ശുചീകരണയജ്ഞം നടത്തി. ആദ്യദിനത്തില്‍ വിവിധ ഇടങ്ങള്‍കേന്ദ്രികരിച്ച്  റോഡുകളുടെയും ഓടാകളുടെയും ശുചീകരണമാണ് നടത്തിയത്. മൂന്നാര്‍ ടൗണില്‍ കച്ചവടസ്ഥാപനങ്ങള്‍ പാതയോരങ്ങള്‍, കെഎസ്ആര്‍ടിസി ബസ്റ്റാന്റ് എന്നിവടങ്ങളില്‍ രാവിലെ മുതല്‍ ശുചീകരണം നടത്തി.മാട്ടുപ്പെട്ടി,ഇക്കോപോയിന്റ്, എന്നി വിനോദസഞ്ചാരയിടങ്ങളില്‍  ദേവികുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.ജില്ലയില്‍ കൂടുതല്‍ വിനോദസഞ്ചാരികള്‍ വന്നുപോകുന്ന ഇവിടങ്ങളില്‍ വഴിയോരങ്ങളിലെ പ്ലാസ്റ്റിക് ജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ചാണ് നീക്കം ചെയ്തത്.
 ആനച്ചാലില്‍ റോഡരികില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ചു.കൈതോടുകളിലെ കാടുകള്‍വെട്ടി ജലശ്രോതസ്സുകള്‍ വൃത്തിയാക്കി. വിവിധ ഇടങ്ങളില്‍ നിന്നായി ശേഖരിച്ച മാലിന്യങ്ങള്‍ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിച്ച് സംസ്‌കരിക്കാനുള്ള നടപടികള്‍ അതാത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ നടക്കും. ദേവികുളം ബ്ലോക്കിനുകീഴില്‍ ഏഴുകേന്ദ്രങ്ങളില്‍ താല്‍ക്കാലികമായി മാനിന്യങ്ങള്‍ ശേഖരിക്കും.വട്ടവട,മറയൂര്‍,കാന്തല്ലൂര്‍,ചിന്നക്കനാല്‍,ആനയിറങ്കല്‍ മേഖലകളിലും വാര്‍ഡുതല ശുചീകരണം ആദ്യദിനത്തില്‍ പൂര്‍ത്തിയായി.
 കലക്ടറേറ്റില്‍ ശുചികരണ യജ്ഞത്തിന്റെ  ഉദ്ഘാടനം ജില്ലാ കളക്ടര്‍ എച് ദിനേശന്‍  നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി ഡി.എം.ഓ സുഷമ, കുടുംബശ്രീ അംഗങ്ങള്‍, ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍, ഡി റ്റി പി സി ജീവനക്കാര്‍, ഹരിത കര്‍മ്മ സേന, എന്നിവരടങ്ങിയ  സംഘം കലക്ട്രേറ്റും  പരിസര പ്രദേശങ്ങളും വൃത്തിയാക്കി ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. വരും ദിവസങ്ങളില്‍ ജില്ലയിലെ  വിവിധ പഞ്ചായത്തുകളിലും  വാര്‍ഡുകളിലെ വീടുകളും  കേന്ദ്രീകരിച്ച്  ശുചിത്വ പ്രവര്‍ത്തനം നടത്തും.   മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധി നിയന്ത്രണം, മാലിന്യ മുക്തമായ നാട് എന്നതാണ് ലക്ഷ്യംവയ്ക്കുന്നത്. ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ഗ്ലൗസ്, മാസ്‌ക്, മറ്റ് ശുചീകരണ ഉപകരണങ്ങള്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയും ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും നല്‍കിയിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്‌കരിക്കും.

date