Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്:  ജില്ലയിലെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു. കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിങ്ങനെ ഏഴ് മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് നടക്കുക. രാവിലെ എട്ടുമണിയോടുകൂടി വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തന്നെ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഫലപ്രഖ്യാപനവും നടത്തും. 

തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇതിനൊപ്പംതന്നെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഇവിഎമ്മുകളിലെ വോട്ടും എണ്ണിത്തുടങ്ങും. വോണ്ണെല്‍ ആരംഭിച്ച് 30 മിനിറ്റുകള്‍ക്ക് ശേഷം മാത്രമെ  തെരഞ്ഞെടുത്ത ഒരു മണ്ഡലത്തിലെ ഇവിഎമ്മുകള്‍ എണ്ണിത്തുടങ്ങൂ. തപാല്‍ വോട്ടുകള്‍ എണ്ണുന്ന ഓരോ മേശയിലും ഒരു എആര്‍ഒ, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് ഏജന്റ് എന്നിവര്‍ ഉണ്ടായിരിക്കും. കൂടാതെ ഒരു മൈക്രോ ഒബ്‌സര്‍വറും ഉണ്ടാകും. തപാല്‍ വോട്ട് പരിഗണിക്കുമ്പോള്‍ വോട്ട് അടയാളപ്പെടുത്തുന്നതിന് പ്രത്യേക അടയാളം നിശ്ചയിച്ചിട്ടില്ല, എന്നാല്‍, സമ്മതിദായകനെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ഒരു അടയാളവും ഉണ്ടാകാന്‍ പാടില്ല. തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിലാണ് തപാല്‍ വോട്ടുകള്‍ എണ്ണുക. ജില്ലയില്‍ 2379 തപാല്‍ വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതുവരെ 1032  എണ്ണം തിരികെ ലഭിച്ചു. വോട്ടണ്ണല്‍ ദിവസം രാവിലെ എട്ടുവരെ ലഭിക്കുന്ന തപാല്‍വോട്ടുകള്‍ എണ്ണും. ശേഷംവരുന്നവ അസാധുവായി പരിഗണിക്കും. 

ഇത്തവണ പോസ്റ്റല്‍ ബാലറ്റുകള്‍ കൂടാതെ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനവും ഉണ്ട്. ഇറ്റിപിബിഎസ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം)  സംവിധാനം മുഖേന സര്‍വീസ് വോട്ടര്‍മാര്‍ക്ക് അയച്ചിട്ടുളള പോസ്റ്റല്‍ ബാലറ്റുകളില്‍ തിരികെ ലഭിച്ചിട്ടുളള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് മുമ്പായി വോട്ടെണ്ണല്‍ ദിനത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ കവറുകളിലെയും ഡിക്ലറേഷനിലെയും ക്യുആര്‍ കോഡ് പരിശോധന, വോട്ട് വ്യാജമല്ലെന്ന് ഉറപ്പുവരുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കും. 13- എ, ബി, സി എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 13- എ വോട്ടര്‍ ഡിക്ലറേഷനും, 13- ബി, സി എന്നിവ പോസ്റ്റല്‍ ബാലറ്റ് കവറുകളുമാണ്. സി എ ബി അഥവാ ക്യാബ് എന്ന ക്രമത്തില്‍ നാല് ക്യു ആര്‍ കോഡ് റീഡ് ചെയ്യേണ്ടത്. ജില്ലയില്‍ 4156 സര്‍വീസ് വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 2546 എണ്ണം തിരികെ ലഭിച്ചു. തപാല്‍ വഴിയുള്ള സര്‍വീസ് വോട്ടുകള്‍ വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് വരെ സ്വീകരിക്കും. തപാല്‍ വോട്ടുകള്‍ എണ്ണുന്നത് ഏഴു മേശകളിലും, ഇറ്റിപിബിഎസ് ക്യു ആര്‍ കോഡ്  സ്‌ക്യാനിംഗ് 14 മേശകളിലുമാണ് നടക്കുക. തപാല്‍ വോട്ടുകളും ഇറ്റിപിബിഎസ് വോട്ടുകളും എണ്ണി തീരുന്നതുവരെ ഇവിഎം വോട്ടുകളുടെ അവസാന റൗണ്ട്  പ്രഖ്യാപിക്കാതെ നിലനിര്‍ത്തും.

date