Skip to main content

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി  വയറിംഗ് സാമഗ്രഹികള്‍ വിതരണം ചെയ്തു

 

പ്രളയത്തില്‍ പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് ആവശ്യമായ വയറിംഗ് സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്തു. കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എഡിഎം ക്ലമന്റ് ലോപ്പസ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ ഉല്‍പാദകരായ ലെഗ്രാന്‍ഡ് കമ്പനി തങ്ങളുടെ കമ്മ്യൂണിറ്റി സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടിന്‍ നിന്നും ലൈഫ് മിഷന്‍ മുഖേനയാണ് സാധനങ്ങള്‍ ലഭ്യമാക്കിയത്. കേബിളും അതിനുളള പൈപ്പും ഒഴികെ 750 സ്‌ക്വയര്‍ഫീറ്റ് തറ വിസ്തീര്‍ണ്ണമുളള ഒരുവീടിന് ആവശ്യമായ എല്ലാ സാമഗ്രികളും അടങ്ങിയതാണ് കിറ്റ്. ഒരു കിറ്റിലെ സാമഗ്രികള്‍ക്ക് നികുതിയില്ലാതെ 10826 രൂപ മൂല്യമുളളതാണ്. ജില്ലയില്‍ ഇത്തരത്തില്‍ 362 കിറ്റുകളാണ് നല്‍കിയത്. ഇവയുടെ മൊത്തം മൂല്യം 3919000 രൂപയാണ്. 

ജില്ലയില്‍ പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവരില്‍ സര്‍ക്കാര്‍ ധനസഹായമായ നാല്് ലക്ഷം രൂപ കൈപ്പറ്റി സ്വന്തമായി വീട് നിര്‍മിച്ചവര്‍ക്കാണ് വൈദ്യുതീകരണ സാമഗ്രികളുടെ കിറ്റ് ലഭിച്ചത്. കോഴഞ്ചേരി, റാന്നി, കോന്നി എന്നീ താലൂക്കുകളിലെ 136 പേര്‍ക്കും, തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, കവിയൂര്‍ എന്നീ വില്ലേജുകളിലെ 44 പേര്‍ക്കുമാണ് കിറ്റുകള്‍ ലഭിച്ചത്. ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                  (പിഎന്‍പി 1173/19)

date