Skip to main content

ജില്ലയില്‍ ആറ് ബൂത്തുകളില്‍ നാളെ റിപോളിംഗ് നിരീക്ഷണം ശക്തം; വെബ് കാസ്റ്റിംഗിനു  പുറമെ വീഡിയോ കവറേജും

കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് റദ്ദാക്കിയ ജില്ലയിലെ ആറ് ബൂത്തുകളില്‍ നാളെ(മെയ് 19)ന് റീപോളിംഗ് നടക്കും. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. പോളിംഗ് കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിന് നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ബൂത്തുകളില്‍ വെബ്കാസ്റ്റിംഗിനു പുറമെ വീഡിയോ കവറേജും ഉണ്ടാകും. തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പ്രിസൈഡിംഗ് ഓഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസര്‍ റാങ്കിലുള്ളവരെ സെക്ടര്‍ ഓഫീസര്‍മാരായും ചുമതലപ്പെടുത്തിയിട്ടുണ്ട്. 
കണ്ണൂര്‍ ലോക്‌സഭ മണ്ഡലം പരിധിയില്‍ വരുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166), ധര്‍മ്മടം നിയമസഭ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്‌കൂള്‍, വടക്കുഭാഗം (ബൂത്ത് നമ്പര്‍ 52), കുന്നിരിക്ക യുപി സ്‌കൂള്‍, തെക്കുഭാഗം (ബൂത്ത് നമ്പര്‍ 53) എന്നിവിടങ്ങളിലും കാസര്‍ക്കോട് ലോക്‌സഭ മണ്ഡലം പരിധിയില്‍ വരുന്ന കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 19), പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍- വടക്കു ഭാഗം (ബൂത്ത് നമ്പര്‍ 69), പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍- തെക്കു ഭാഗം (ബൂത്ത് നമ്പര്‍ 70) എന്നിവിടങ്ങളിലുമാണ് റീപോളിംഗ്. 
റീപോളിംഗ് നടക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ കലക്ടറേറ്റില്‍ നിന്ന് വിതരണം ചെയ്തു. ജില്ലാ കലക്ടര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനക്ക് ശേഷമാണ് ബന്ധപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഇവിഎം-വിവിപാറ്റ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികള്‍ എആര്‍ഒമാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ഓരോ ബൂത്തിലും അഞ്ചുവീതം വോട്ടിംഗ് മെഷീനും വിവിപാറ്റുമാണ് വിതരണം ചെയ്തിരിക്കുന്നത്. കാസര്‍ക്കോട് മണ്ഡലത്തിനു കീഴില്‍ വരുന്ന ജില്ലയിലെ മൂന്ന് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ വരണാധികാരിയായ കാസര്‍ക്കോട് കലക്ടറുടെ നേതൃത്വത്തിലായിരുന്നു വിതരണം. ശനിയാഴ്ച വൈകിട്ടോടെ പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി.  
റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക ജൂലി സൊനൊവാള്‍, ചെലവ് നിരീക്ഷകന്‍ മഹ്ഫൂസ് റഹ്മാന്‍, പോലിസ് നിരീക്ഷകന്‍ ഓംപ്രകാശ് ത്രിപാഠി എന്നിവര്‍ ജില്ലയിലെത്തി. ഒബ്‌സര്‍വര്‍മാര്‍ റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും. പോളിംഗ് സമാധാനപരമാക്കുന്നതിന് ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 
 

date