Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ഡി എം ഒ
ജില്ലയില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ, ടൈഫോയ്ഡ്, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങളും ഭക്ഷ്യവില്‍പന വിതരണ കേന്ദ്രങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ എം കെ ഷാജ് അറിയിച്ചു.
തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക, പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകി ഉപയോഗിക്കുക, പഴുത്തളിഞ്ഞ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാതിരിക്കുക, ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക, ആഹാരം ചൂടാറും മുമ്പ് കഴിക്കുക, കുടിവെള്ളവും ആഹാരസാധനങ്ങളും അടച്ചു സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്ഖണം.
കുട്ടികള്‍ മണ്ണില്‍ കളിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുകയും കൈനഖങ്ങള്‍ വെട്ടി വൃത്തിയാക്കുകയും വേണം. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല. ശൗചത്തിനുശേഷം കൈകള്‍ സോപ്പും വെളളവുമുപയോഗിച്ച് വൃത്തിയായി കഴുകണം. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കണം. ഇടയ്ക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യണമെന്നും ഡി എം ഒ നിര്‍ദേശിച്ചു.
ഭക്ഷ്യവില്‍പന വിതരണ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ ഭക്ഷണവില്പനശാലകളില്‍ നന്നായി തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാവൂ. വാഷ് ബേസിനുകള്‍ക്കു സമീപം സോപ്പോ ഹാന്‍ഡ്വാഷിങ്ങ് ലോഷനോ നിര്‍ബന്ധമായും വെച്ചിരിക്കണം. പഴകിയ ഭക്ഷണ സാധനങ്ങളുടെ പുനരുപയോഗം ഒരു കാരണവശാലും പാടില്ല. ഈച്ചശല്യം ഒഴിവാക്കുന്നതിനായി ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും പെസ്റ്റ് ഫ്‌ളാഷ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുമാണ്.
ഹോട്ടല്‍, ബേക്കറി തൊഴിലാളികളുടെ ശുചിത്വനിലവാരം ഉറപ്പു വരുത്തണം. ഭക്ഷ്യവസ്തുക്കള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. തൊഴിലാളികള്‍ ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു മുമ്പായി കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. പകര്‍ച്ചവ്യാധികള്‍ ബാധിച്ചിട്ടുള്ള ആളുകളെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്. കൂള്‍ബാറുകളില്‍ ഉപയോഗിക്കുന്ന വെള്ളം ഫില്‍റ്റര്‍ ചെയ്തതും ക്ലോറിനേഷന്‍ നടത്തി തണുപ്പിച്ചതോ അല്ലെങ്കില്‍ തിളപ്പിച്ചാറിയതോ ആയിരിക്കണം.
വെള്ളം വാങ്ങി ഉപയോഗിക്കുന്നവരാണെങ്കില്‍ സപ്ലൈ ചെയ്യുന്ന ആളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. മാലിന്യങ്ങള്‍ അതത് ദിവസം തന്നെ സുരക്ഷിതമായി നീക്കം ചെയ്യണം. ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായും പാലിക്കണം. പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണസാധനങ്ങള്‍ പായ്ക്ക് ചെയ്തു കൊടുക്കാനോ വിതരണം ചെയ്യാനോ പാടില്ല എന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി

ഇഫ്താര്‍ വിരുന്നുകള്‍ പ്ലാസ്റ്റിക് രഹിതമാക്കും
ജില്ലയിലെ റംസാന്‍ വ്രതാനുഷ്ഠാനവും ഇഫ്താര്‍ വിരുന്നും പെരുന്നും ആഘോഷവും ഡിസ്‌പോസബിള്‍ രഹിതമാക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നടന്ന മതസംഘടന നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചു. പള്ളികളിലും വീടുകളിലും പൊതു സ്ഥലങ്ങളിലും നടക്കുന്ന ഇഫ്താര്‍ പരിപാടികള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക്ക് വിമുക്തമാക്കും. ഡിസ്‌പോസബിള്‍ ഇനങ്ങളായ പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ് തുടങ്ങിയവ ഉപയോഗിക്കില്ല. പ്ലാസ്റ്റിക്ക് നിര്‍മ്മിത അലങ്കാരങ്ങള്‍ ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ വ്യാപക ബോധവല്‍ക്കരണം സംഘടിപ്പിക്കും.
യോഗത്തില്‍ സമസ്ത, തബ്ലീഗ്, കേരള നദ്വത്തുല്‍ മുജാഹിദിന്‍, എംഇഎസ്, കേരള മുസ്ലിം ജമാഅത്ത്, ഇസ്ലാമിഹിന്ദ്, സുന്നിയുവജന സംഘം പ്രതിനിധികളും ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ ആര്‍ അജയകുമാര്‍ എന്നിവരും പങ്കെടുത്തു.

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ഡിഗ്രി/പിജി പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴില്‍ എംജി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കടുത്തുരുത്തി (04829 264177), കട്ടപ്പന (04868 250160), കാഞ്ഞിരപ്പള്ളി (04828 206480), കോന്നി (0468 2349731), മല്ലപ്പള്ളി (0469 2681426), മറയൂര്‍ (04865 253010), നെടുംകണ്ടം (04868 234472), പയ്യപ്പാടി (പുതുപ്പള്ളി) 0481 2351631, പീരുമേട് (04869 232373), തൊടുപുഴ (04862 228447), പുത്തന്‍വേലിക്കര (0484 2487790) കോളേജുകളിലേക്കാണ് പ്രവേശനം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസ്സും www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ 350 രൂപയുടെ ഡിഡി സഹിതം (എസ്സി-എസ്ടി വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ ലഭിക്കും.
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 വര്‍ഷത്തെ പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടുവം (0460 2206050), ചീമേനി (0467 2257541), കൂത്തുപറമ്പ് (0490 2362123), പയ്യന്നൂര്‍ (നെരുവമ്പ്രം 04972877600), മഞ്ചേശ്വരം (04998 215615), മാനന്തവാടി (04935 245484) കോളേജുകളിലേക്കാണ് പ്രവേശനം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസ്സും ംംം.ശവൃറ.മര.ശി ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ 500 രൂപയുടെ ഡിഡി സഹിതം (എസ്സി-എസ്ടി വിഭാഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ ലഭിക്കും. ഫോണ്‍ 0471 2322985, 2322501

കുക്ക്/ആയ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക്ക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കുക്ക്/ആയ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. പാചകപ്രവൃത്തിയില്‍ പരിചയമുള്ളവരും കുട്ടികളെ പരിചരിക്കാന്‍ താല്‍പര്യമുള്ളവരുമായ 18 നും 41 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ മെയ് 22 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ ഐടിഡിപി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ വിദ്യാഭ്യാസം, തിരിച്ചറിയല്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0497 2700357.

ക്വട്ടേഷന്‍ ക്ഷണിച്ചു
വളപട്ടണം നദിയിലെ മണല്‍ വാരുന്നതിന് ആര്‍ക്യുപിമാരെ നിയമിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ കണ്ണൂര്‍ കലക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടറുടെ (ഡിഎം) ഓഫീസില്‍ മെയ് 24 ന് അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. ഫോണ്‍ 0497 2700645.

ജെഡിസി അഭിമുഖം
2019 ജൂണില്‍ ആരംഭിക്കുന്ന ജെഡിസി(ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപറേഷന്‍) കോഴ്സിന്റെ ജനറല്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിമുഖം മെയ് 21 ന് രാവിലെ 10.30 നും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള അഭിമുഖം 22 ന് രാവിലെ 11 മണിക്കുമായി കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ 0497 2706790.

വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു
2019-20 വര്‍ഷത്തെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി ജില്ലയിലെ ഇരിട്ടി, ഇരിക്കൂര്‍ ബ്ലോക്കുകളില്‍ വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെ(രാത്രികാലങ്ങളില്‍) മൃഗചികിത്സാ സേവനം ലഭ്യമാക്കുന്ന പദ്ധതിക്കായി ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും കെവിസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മെയ് 25 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍ 0497 2700267.

മരം ലേലം
ഏഴിലോട് മുതല്‍ ആണ്ടാംകൊവ്വല്‍ വരെ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുറിക്കുന്ന മരങ്ങളുടെ ലേലം മെയ് 24 ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ പയ്യന്നൂരിലെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍ 04985 209954.
കണ്ണൂര്‍ മഹാത്മ മന്ദിരത്തിന് സമീപം താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ പാലമരം, വട്ട എന്നിവയുടെ തടികള്‍ മെയ് 29 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍-2 വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലം സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി കണ്ണൂര്‍ തഹസില്‍ദാരെയോ കണ്ണൂര്‍-2 വില്ലേജ് ഓഫീസറെയോ ഓഫീസ് പ്രവര്‍ത്തനസമയങ്ങളില്‍ ബന്ധപ്പെടുക.
മാവിലായി വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ അക്കേഷ്യ മരത്തിന്റെ തടികള്‍ മെയ് 30 ന് രാവിലെ 11 മണിക്ക് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലം സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി കണ്ണൂര്‍ തഹസില്‍ദാരിനെയോ മാവിലായി വില്ലേജ് ഓഫീസറെയോ ഓഫീസ് പ്രവര്‍ത്തനസമയങ്ങളില്‍ ബന്ധപ്പെടുക.

ഗതാഗതം നിരോധിച്ചു
ചെമ്പല്ലിക്കുണ്ട്-മൂലക്കീല്‍ക്കടവ് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 21 മുതല്‍ ആറ് ദിവസത്തേക്ക് ഇതു വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ എടനാട്-കുഞ്ഞിമംഗലം റോഡ് വഴിയും വളപട്ടണം-ചെറുതാഴം കെ എസ് ടി പി റോഡ് വഴിയും കടന്ന് പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു
ദേശീയ ആരോഗ്യദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി കോര്‍പറേഷന്‍ പരിധിയില്‍ കൊതുകു നശീകരണ പ്രവര്‍ത്തനം നടത്തുന്നതിന് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. രണ്ട് മാസത്തേക്കാണ് നിയമനം. എസ്എസ്എല്‍സിയാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 55. താല്‍പര്യമുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 28 ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ ആസൂത്രണസമിതി മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 0497 2700709.

ഉപഭോക്തൃ വിലസൂചിക
2019 മാര്‍ച്ച് മാസത്തെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലെ ഉപഭോക്തൃവിലസൂചിക അടിസ്ഥാനവര്‍ഷം(201112 =100) യഥാക്രമം 171, 168, 160,158 (പഴയത് അടിസ്ഥാന വര്‍ഷം 1998-99=100) യഥാക്രമം 345, 339, 325, 333 ആണെന്ന് ജില്ലാ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിയമനം
വനിതാ-ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് പ്രൊട്ടക്ഷന്‍ ഓഫീസര്‍( ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എംഎസ്ഡബ്ലു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. 35 വയസാണ് ഉയര്‍ന്ന പ്രായപരിധി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 25 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സ്, രണ്ടാം നില, റൂം നമ്പര്‍ എസ് 6, തലശ്ശേരി-670104 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0490 2326199.

ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍, സേലം, ഗഡക്, വെങ്കിടഗിരി എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജികളില്‍ നടത്തിവരുന്ന ത്രിവത്സര ഹാന്റ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2019 ജൂലൈ ഒന്നിന് 15 നും 23 നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് 25 വയസ്സാണ് പ്രായപരിധി.
അപേക്ഷ ഫോറം ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തിരുവനന്തപുരത്തെ വികാസ് ഭവനിലുള്ള കൈത്തറി ടെക്സ്‌റ്റൈല്‍ ഡയറക്ടറേറ്റ്, കണ്ണൂര്‍ തോട്ടടയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ംംം.ശശവസേമിിൗൃ.മര.ശി ല്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍, ജനനം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം, ജൂണ്‍ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി കൈത്തറി ആന്റ് ടെക്സ്‌റ്റൈല്‍സ് ഡയറക്ടര്‍, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലോ, എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി- കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-670007, എന്ന വിലാസത്തിലോ അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ ലഭിച്ചിരിക്കണം.

 വൈദ്യുതി മുടങ്ങും
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊത്തിക്കുഴിച്ച പാറ, ഭാസ്‌കരന്‍ പീടിക, പടന്നപ്രം, മണ്ടൂര്‍, തലക്കോടത്ത്, അമ്പലം റോഡ്, കൊവ്വല്‍, ചെറുതാഴം സെന്റര്‍, കോടിത്തായല്‍ എന്നീ ഭാഗങ്ങളില്‍ മെയ് 20 രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈരളി റിസോര്‍ട്ട്, മാഗ്നറ്റ്, പെര്‍ഫെക്ട് ബോര്‍ഡ്, ജമീല വുഡ്, ആലിങ്കീല്‍, കോട്ടാച്ചേരിക്കുന്ന്, ഭഗവതിക്കാവ്, ഓണപ്പറമ്പ, ചേരിക്കല്‍, നാറാത്ത്, കൊയിലി നഴ്‌സിംഗ് കോളേജ്, അഭിലാഷ് ക്രഷര്‍, ഉണ്ണിലാട്ട്, നാഷണല്‍ സോ മില്‍ എന്നീ ഭാഗങ്ങളില്‍ മെയ് 20 രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഫിറ്റര്‍ ട്രേഡിലെ വര്‍ക്ക് ബെഞ്ചിന്റെ പലകകള്‍ മാറ്റി സ്ഥാപിക്കുന്നതിന് മലേഷ്യന്‍ ഇരൂള്‍/ വേങ്ങ തടി സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 30 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍. 04972 835183

date