Skip to main content

2019-20 വാര്‍ഷിക പദ്ധതി :  മാലിന്യ സംസ്‌കരണത്തിന് മുന്‍ഗണന

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തേക്കുളള വാര്‍ഷിക പദ്ധതികള്‍ ഭേദഗതി വരുത്തി  പരിഷ്‌കരിക്കുമ്പോള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് മുന്‍ഗണന നല്കണമെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആര്‍. അജയകുമാര്‍ വര്‍മ അറിയിച്ചു.  പദ്ധതി വിഹിതത്തിന്റെ 10 ശതമാനം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും 15 ശതമാനം മുനിസിപ്പാലിറ്റികളും, കോര്‍പ്പറേഷനുകളും ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി വകയിരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.  ഇതോടാപ്പം സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന്‍ മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധിക ധനസഹായം ലഭ്യമാക്കുന്നുണ്ട്.  കൂടാതെ കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വിവിധ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ശുചിത്വ മിഷന്‍ മുഖേന ധനസഹായം നല്‍കും.

അജൈവമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് അടക്കമുളള  പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനും ഇനം തിരിച്ച് പുന:ചംക്രമണത്തിനും റോഡ് ടാറിംഗിനുമായി ഉപയോഗിക്കുന്നതിനും എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പിലാറ്റികളിലും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഉണ്ടാകണം.  ഇങ്ങനെ ശേഖരിക്കുന്ന  പാഴ്‌വസ്തുക്കളില്‍ പ്ലാസ്റ്റിക്ക്  ഷ്രഡ്ഡ് ചെയ്ത് ടാറിംഗിന്  നല്‍കുന്നതിനും പുന:ചംക്രമണത്തിന് യോഗ്യമായവ പാഴ്‌വസ്തു വ്യാപാരികളെ ഏല്‍പ്പിക്കുന്നതിനുമായി ക്ലീന്‍കേരള കമ്പനിക്ക് കൈമാറുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങള്‍ സ്ഥാപിക്കും.  ഇതിനാവശ്യമായ പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്            എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.  സംസ്ഥാനത്ത് നിലവില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി  489 മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും 110 റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.  ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ബാക്കിയുളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അജൈവമാലിന്യങ്ങള്‍ പരിപാലിക്കുന്നതിനുളള ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ്   ലക്ഷ്യമിടേണ്ടത്.

അടുക്കളമാലിന്യം ഉള്‍പ്പെടുന്ന ജൈവ പാഴ്‌വസ്തുക്കള്‍ സംസ്‌കരിക്കുന്നതിന് പരമാവധി ഉറവിടമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ്്  ശുചിത്വ മിഷന്‍ മുന്‍ഗണന നല്‍കുന്നത്.  പൊതുയിടങ്ങളില്‍ കേന്ദ്രീകൃതമായി മാലിന്യം ശേഖരിച്ച്       സംസ്‌കരിക്കുന്നതിനുളള പ്രായോഗിക വൈഷമ്യങ്ങള്‍ ഒരു പരിധിവരെ മറികടക്കുന്നതിന് വികേന്ദ്രീകൃത-കേന്ദ്രീകൃത സംവിധാനങ്ങള്‍ സഹായിക്കും.  ഇതിന്റെ ഭാഗമായി വീടുകളില്‍ താരതമ്യേന ചെലവ് കുറഞ്ഞ കിച്ചന്‍ബിന്‍, റിംഗ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, കലം കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റര്‍ പോട്ട് തുടങ്ങിയവ സ്ഥാപിക്കുന്നതിനുളള സാമ്പത്തിക സഹായം പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കും.  ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നതിന് പരമാവധി 90 ശതമാനം വരെ സബ്‌സിഡി നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.  ചന്തകള്‍, പൊതു സ്ഥാപനങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ ജൈവ കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കും.  75 ശതമാനം സാമ്പത്തിക സഹായം ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശുചിത്വ മിഷന്‍ മുഖാന്തിരം അനുവദിച്ച് നല്‍കും.

ദ്രവമാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് സെപ്‌റ്റേജ്/സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ്. ഇത് പ്രകാരം ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനുളള സാമ്പത്തിക സഹായവും സാങ്കേതിക നിര്‍ദേശവും ശുചിത്വമിഷന്‍ നല്കും.  കൂടാതെ  മാര്‍ക്കറ്റുകള്‍, മത്സ്യചന്തകള്‍ എന്നിവിടങ്ങളിലും ദ്രവമാലിന്യ സംസ്‌കരണ പദ്ധതികള്‍ ഒരുക്കുന്നതിനുളള സാമ്പത്തിക സഹായം ശുചിത്വ മിഷനിലൂടെ ലഭ്യമാണ്. ആയതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍  ഇതിനാവശ്യമായ പ്രോജക്ടുകള്‍ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നും ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സാങ്കേതികമായ അറിവും ഉപദേശവും ആവശ്യമുണ്ടെങ്കില്‍ അത്  ശുചിത്വ മിഷനെ അറിയിക്കണമെന്നും  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

  ഓരോ ജില്ലയിലും ഇത് സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും ഏറ്റെടുക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച കൃത്യമായ അറിവ് നല്‍കുന്നതിനും ജില്ലാ ശുചിത്വ മിഷന്‍ ഉദ്യേഗസ്ഥര്‍ക്ക്  ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.  2019-20 ലെ വാര്‍ഷിക പദ്ധതികളില്‍ ആവശ്യമായ ഭേദഗതികളും പരിഷ്‌കാരങ്ങളും വരുത്തുന്നതിനുളള സമയ പരിധി ജൂണ്‍ 12ന് അവസാനിക്കുന്നതിനാല്‍ അതിന് മുമ്പായി മാലിന്യ സംസ്‌കരണ പ്രോജക്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.         (പിഎന്‍പി 1175/19)

date