Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ് സര്‍വീസ് വോട്ടുകള്‍ എണ്ണാന്‍ നടപടികള്‍ ഏറെ 

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം(ഇടിപിബിഎസ്) മുഖേന ചെയ്ത സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിന് ക്യുആര്‍ കോഡ് റീഡിംഗ് ഉള്‍പ്പെടെ നിരവധി നടപടികള്‍ പിന്നിടണം. സായുധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, വിദേശ രാജ്യങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഈ രീതിയില്‍ വോട്ടു ചെയ്തിട്ടുള്ളത്. 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റുകളും  സര്‍വീസ് വോട്ടുകളും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ട് ഹാളുകളിലായി 14 ടേബിളുകളിലാണ് എണ്ണുക.  ഇതിനായി ക്യുആര്‍ കോഡ് റീഡറും അനുബന്ധ സംവിധാനങ്ങളും ഇവിടെ സജ്ജീകരിക്കും. 

 

സര്‍വീസ് വോട്ടുകള്‍ എണ്ണുന്നത് ഇങ്ങനെ

ആദ്യം പുറം കവറിന്റെ(ഫോം 13-സി) താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യു ആര്‍ കോഡ് യന്ത്രം ഉപയോഗിച്ച് റീഡ് ചെയ്യുന്നു. അതോടൊപ്പം വോട്ടറുടെ വേരിഫിക്കേഷനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള അവശ്യ പരിശോധനങ്ങളും നടത്തുന്നു. കമ്പ്യൂട്ടറില്‍നിന്ന് ലഭിക്കുന്ന പ്രത്യേക സീരിയല്‍ നമ്പര്‍ പരിശോധിക്കുന്ന കവറിന് പുറത്ത് റിട്ടേണിംഗ് ഓഫീസര്‍ എഴുതിച്ചേര്‍ക്കുന്നു.

ഇരട്ടിപ്പ് ഇല്ലെന്ന് ഉറപ്പാക്കിയശേഷം പുറം കവര്‍ (ഫോം 13-സി) തുറക്കുന്നു. ഫോം 13 എയിലുള്ള പ്രസ്താവനയും പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ കവറു(ഫോം 13-ബി)മാണ് ഇതിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസര്‍ ഇവ പുറത്തെടുക്കുന്നു.

ഫോം 13 എയിലെ രണ്ട് ക്യുആര്‍ കോഡുകള്‍ ഒന്നിനു പിറകെ അടുത്തത് എന്ന രീതിയില്‍ സ്‌കാന്‍ ചെയ്യുന്നു. തുടര്‍ന്ന് ഫോം 13-ബിയുടെ താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം സീരിയര്‍ നമ്പരുകള്‍ രേഖപ്പെടുത്തുന്നു.  

ക്യുആര്‍ കോഡ് റീഡിംഗില്‍ അപാകതകളൊന്നും കണ്ടെത്തിയില്ലെങ്കില്‍ ഫോം 13-ബി കവറും പ്രസ്താവനയും ഫോം 13-സി കവറില്‍ ഇട്ടശേഷം എണ്ണുന്നതിനുള്ള സാധുവായ വോട്ടുകള്‍ സൂക്ഷിക്കുന്ന ട്രേയില്‍ നിക്ഷേപിക്കുന്നു. ക്യുആര്‍ കോഡ് റീഡിംഗില്‍ രേഖകള്‍ സാധുവല്ലാതിരിക്കുക, ഒരേ രേഖയുടെ ഒന്നിലധികം പകര്‍പ്പുകള്‍ കണ്ടെത്തുക തുടങ്ങിയ അപാകതകള്‍ ഉണ്ടായാല്‍ ഇത്തരം കവറുകള്‍ തള്ളപ്പെടുന്ന കവറുകള്‍ക്കുള്ള  ട്രേയില്‍ നിക്ഷേപിക്കണം. ഒരു വോട്ട് എണ്ണുന്നതിന് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

(ഇലക്ഷന്‍: 268/19)

date