Skip to main content

ലഹരി വില്‍പ്പന തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍ 

 

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു മീറ്റര്‍ പരിധിക്കുളളില്‍ ലഹരി വസ്തുക്കള്‍ വില്‍പന ചെയ്യുന്ന കടയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ജില്ലയില്‍ ലഹരിപദാര്‍ഥങ്ങളുടെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട്  കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സ്‌കൂള്‍ വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തിന് തടയിടുന്നതിനായി അധ്യാപകര്‍ അടങ്ങുന്ന സംഘത്തെ നിയോഗിക്കും. ഇതിനായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ, ഡിഎംഒ, സാമൂഹിക നീതി വകുപ്പ്, അധ്യാപകര്‍ എന്നിവര്‍ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. ജില്ലയില്‍ 178 ഹൈസ്‌കൂളുകളാണുളളത്. ഈ സ്‌കൂളുകളില്‍ നിന്ന് ഒരു അധ്യാകനെയും, അധ്യാപികയെയും ഉള്‍പ്പെടുത്തിയാകും വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. ഇവര്‍ക്ക് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കും. 11 ഉപജില്ലകളില്‍ നിന്നായി 30 അധ്യാപകരടങ്ങുന്ന സംഘത്തെ തെരഞ്ഞെടുക്കും. ഇവരാകും സ്‌കൂളുകളില്‍ വിവിധ പരിശീലന-ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. 

പുതിയ അധ്യയന വര്‍ഷം ജില്ലയിലെ എല്ലാ സ്‌കൂള്‍, കോളജ് തലങ്ങളിലും ലഹരിക്കെതിരെ ഒരുവര്‍ഷം നീളുന്ന കര്‍മ പദ്ധതി തയാറാക്കും. സ്‌കൂളുകളില്‍ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി എക്സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാസത്തില്‍ ഒരിക്കല്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഒരു മണിക്കൂര്‍ നീളുന്ന ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. പഠനത്തിലും വ്യക്തിജീവിതത്തിലുമുണ്ടാകുന്ന സമ്മര്‍ദങ്ങളും കൗമാരസഹജമായ പ്രശ്നങ്ങളും നേരിടുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കും. കൗണ്‍സിലര്‍മാരുള്ള സ്‌കൂളുകള്‍, ജാഗ്രതാ സമിതികള്‍, ലഹരിവിരുദ്ധ ക്ലബുകള്‍ എന്നിവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടും. 

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കൗമാരക്കാരായ കുട്ടികള്‍ ബോധവാന്‍മാരാകണം. വിദ്യാലയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പരാതികള്‍ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ തയാറാക്കിയിട്ടുളള തപാല്‍ ബോക്സില്‍ നിക്ഷേപിക്കാം. ഇവ സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കും. ഇത്തരക്കാര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും, പരിചരണവും ആരോഗ്യവകുപ്പ് ഉറപ്പു വരുത്തും. പ്രശ്നബാധിത സ്‌കൂളിലെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എല്ലാ മാസവും ജില്ലാ കളക്ടര്‍ക്കും, എക്സൈസ് വകുപ്പിനും, ആരോഗ്യ വകുപ്പിനും സമര്‍പ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.  യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജി ജയദേവ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ്് ഗോയല്‍, അസിസ്റ്റന്‍ഡ് എക്സൈസ് കമ്മീഷണര്‍ എം അന്‍സാരി ബീവു, അടൂര്‍ ആര്‍ഡിഒ ആര്‍. ബീനാറാണി, ഡിഎംഒ (ആരോഗ്യം) ഡോ.എഎല്‍ ഷീജ, ഡെപ്യൂട്ടി ഡയറക്ടര്‍  ഓഫ് പഞ്ചായത്ത് എസ് സൈമ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ പി.എ ശാന്തമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

date