Skip to main content

പദ്ധതി ഭേദഗതി:  മാലിന്യ സംസ്‌കരണത്തിന് മുന്‍ഗണന നല്‍കണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതികള്‍ ഭേദഗതി വരുത്തുമ്പോള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആര്‍. അജയകുമാര്‍ വര്‍മ്മ നിര്‍ദ്ദേശം നല്‍കി. ത്രിതല പഞ്ചായത്ത് വാര്‍ഷിക പദ്ധതികളില്‍ ആവശ്യമായ ഭേദഗതികളും പരിഷ്‌കാരങ്ങളും വരുത്തുന്നതിനുളള സമയപരിധി ജൂണ്‍ 12ന് അവസാനിക്കും. തദ്ദേശം സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ പ്രോജക്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. 
    പദ്ധതി വിഹിതത്തിന്റെ 10 ശതമാനം ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളും 15 ശതമാനം നഗരസഭകളും, കോര്‍പ്പറേഷനുകളും ശുചിത്വ മാലിന്യ സംസ്‌കരണത്തിനായി വകയിരുത്തണം. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളിലൂടെയും വിവിധ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ശുചിത്വ മിഷന്‍ മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധിക ധനസഹായവും ലഭ്യമാക്കും.
അജൈവമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് അടക്കമുളള പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനും ഇനം തിരിച്ച് പുനഃചംക്രമണത്തിനും റോഡ് ടാറിങ്ങിനുമായി ഉപയോഗിക്കുന്നതിനും എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പിലാറ്റികളിലും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഉറപ്പുവരുത്തണം. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളും സ്ഥാപിക്കണം. ഇതിനാവശ്യമായ പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജില്ലയില്‍ ഇത്തരം പദ്ധതികള്‍ക്കായി 20 ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്തുകള്‍ക്ക് ശുചിത്വമിഷന്‍ മുന്‍കൂര്‍ തുക അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 17 മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും രണ്ട് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.  
ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വീടുകളില്‍ കിച്ചന്‍ബിന്‍, റിംഗ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, കലം കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റര്‍ പോട്ട് തുടങ്ങിയവ സ്ഥാപിക്കുന്നതിനുളള സാമ്പത്തിക സഹായവും പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നല്‍കണം. സംവിധാനങ്ങള്‍ ഒരുക്കുന്നതിന് പരമാവധി 90 ശതമാനം വരെ സബ്‌സിഡി സര്‍ക്കാര്‍ നല്‍കും. ചന്തകള്‍, പൊതു സ്ഥാപനങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ ജൈവ കമ്പോസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കും.  
ദ്രവമാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് സെപ്‌റ്റേജ്/സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ്. ജില്ലാ-താലൂക്ക് ആസ്പത്രികളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനുളള സാമ്പത്തിക സഹായവും സാങ്കേതിക നിര്‍ദ്ദേശവും ശുചിത്വമിഷന്‍ നല്‍കും.  മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്പത്രിയില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ ഘട്ടത്തിലും, വൈത്തിരി താലൂക്ക് ആശുപത്രിയിലെ പ്ലാന്റിന് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സാങ്കേതികനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. 
    കല്‍പ്പറ്റ നഗരസഭയില്‍ യൂനിസെഫിന്റെ സഹകരണത്തോടെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.   മാര്‍ക്കറ്റുകള്‍, മത്സ്യചന്തകള്‍ എന്നിവിടങ്ങളിലും ദ്രവമാലിന്യ സംസ്‌കരണ പദ്ധതികള്‍ ഒരുക്കുന്നതിനുളള സാമ്പത്തിക സഹായം ശുചിത്വ മിഷനിലൂടെ ലഭ്യമാക്കും. തദ്ദേശസ്ഥാപനങ്ങള്‍  ഇതിനാവശ്യമായ പ്രോജക്ടുകള്‍ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക സഹായവും ഉപദേശവും ആവശ്യമുണ്ടെങ്കില്‍ ശുചിത്വ മിഷനെ അറിയിക്കണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആവശ്യപ്പെട്ടു.

date