Skip to main content

ജില്ലയില്‍ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ജില്ലയില്‍ ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.  മലപ്പുറം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മലപ്പുറം ഗവണ്‍മെന്റു കോളജും പൊന്നാനി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളും സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും കലക്ടര്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. വോട്ടെണ്ണല്‍ ഒരുക്കങ്ങളുടെ ഭാഗമായി സുവിധ,  ട്രെന്‍ഡ് എന്നീ വെബ് ആപ്ലിക്കേഷനുകളുടെ ട്രയല്‍ ഇന്ന് (മെയ് 21) രാവിലെ എട്ടിന് നടക്കും.
വോട്ടെണ്ണല്‍ ദിവസമായ മെയ് 23ന്  രാവിലെ ഏഴു മണിക്ക് സ്ട്രോങ് റൂമില്‍നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അതത് വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും.  അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക. തുടര്‍ന്ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടു മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക.
പോസ്റ്റല്‍ വോട്ടുകള്‍ മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ എണ്ണും                                                                                                                                                                   
മലപ്പുറം, പൊന്നാനി മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ലൈബ്രററി ഹാളില്‍ പ്രത്യേകം സൗകര്യം ഒരുക്കി. റിട്ടേണിങ് ഓഫീസര്‍, എആര്‍ഒ മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, ഒബ്സര്‍വര്‍മാര്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റല്‍ വോട്ടെണ്ണല്‍ നടക്കുക. കൂടാതെ അഡീഷനല്‍ ഡെപ്യൂട്ടി മജിസ്‌ട്രേറ്റ്, അഞ്ച് ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ചു ഉപവരണാധികളെയും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി  നിയമിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളും ഇ.വി.എം വോട്ടുകളും എണ്ണി പൂര്‍ത്തിയായാല്‍ വി.വിപാറ്റ് രശീതുകളും എണ്ണിതുടങ്ങും. ഒരോ അസംബ്ലി നിയോജക മണ്ഡലത്തിലെ അഞ്ച്  ബൂത്തുകളിലെ വി.വി പാറ്റുകളാണ് എണ്ണുന്നത്. അവ ഏതാണെന്ന് തീരുമാനിക്കുന്നത്  നറുക്കെടുപ്പിലൂടെയാണ്.

 

date