Skip to main content

വോട്ടെണ്ണല്‍: സുവിധ, ട്രെന്‍ഡ് ട്രയല്‍ റണ്‍ നടത്തി

 

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ  ഭാഗമായി വോട്ടെണ്ണല്‍ ഫലങ്ങള്‍, തത്സമയ ഫലസൂചനകള്‍ അറിയുന്നതിനായി തയാറാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് എന്നീ വെബ്സൈറ്റുകളുടെ ട്രയല്‍ റണ്‍ നടത്തി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ ഇന്നലെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ട്രയല്‍ റണ്‍ നടന്നത്. ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്കും പ്രത്യേകം ക്രമീകരിച്ച കൗണ്ടറുകളിലാണ് ട്രയല്‍ റണ്‍ നടത്തിയത്. പൊതു നിരീക്ഷകന്‍ സഹദേബ് ദാസ് ഐ എ എസ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ്‌കുമാര്‍ എന്നിവര്‍ ട്രയല്‍ റണിന്  നേതൃത്വം നല്‍കി. 

ട്രെന്‍ഡില്‍ നിന്ന് വോട്ടെണ്ണലിന്റെ റൗണ്ട്‌വൈസ്  ടോട്ടല്‍ സുവിധയിലേക്ക് അപ് ലോഡ് ചെയ്യുകയും അത് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. എന്‍ഐസിയാണ് രണ്ടു വെബ്‌സൈറ്റുകളും തയാറാക്കിയിട്ടുള്ളത്. ഓരോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എണ്ണിക്കഴിയുമ്പോഴും എല്ലാ കൗണ്ടിംഗ് സെന്ററുകളില്‍ നിന്നും തിരുവനന്തപുരത്തെ പ്രധാന സെന്ററിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ ഇതുവഴി സാധിക്കും. ഏആര്‍ഒമാരുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍, കെല്‍ട്രോണ്‍ പ്രതിനിധികള്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന 14 ഇവിഎം ടേബിളുകളില്‍ നിന്നും ഒരു ഏആര്‍ഒ ടേബിളില്‍ നിന്നും ഓരോ പോളിംഗ് സ്റ്റേഷനിലേയും തത്സമയ വോട്ടെണ്ണല്‍ വിവരങ്ങള്‍ ട്രെന്‍ഡിലേക്ക് നല്‍കും.  ട്രെന്‍ഡില്‍ നിയോജക മണ്ഡലത്തിന്റെ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കിയാല്‍ വോട്ടിംഗ് കൗണ്ടിംഗ് (ടേബിള്‍ വൈസ്) എന്ന മെനുവില്‍ നിന്ന് റൗണ്ട്, ടേബിള്‍ നമ്പര്‍, പോളിംഗ് ബൂത്ത് നമ്പര്‍, പാര്‍ട്ടി, വോട്ടേഴ്‌സ്, ടോട്ടല്‍ എന്നിവ അറിയാന്‍ സാധിക്കും. തുടര്‍ന്ന് 14 ടേബിളുകളിലെയും റൗണ്ട്‌വൈസ് ടോട്ടല്‍ സുവിധയിലേക്ക് നല്‍കുകയും മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കുകയും ചെയ്യും. http://trend.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും, ട്രെന്‍ഡ് കേരള അപ്ലിക്കേഷന്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് ഫലങ്ങള്‍ അറിയാന്‍ സാധിക്കും. ട്രെന്‍ഡ് കേരള ആപ്ലിക്കേഷന്‍ ഇന്ന് മുതല്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും.              (ഇലക്ഷന്‍: 274/19)

date