Skip to main content
വെള്ളാപ്പാറയില്‍ വനംവന്യജീവി വകുപ്പ് മത്‌സ്യാരണ്യകം പദ്ധതി  ഡി എഫ് ഒ സാബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

മത്സ്യാരണ്യകത്തില്‍  മീനുകള്‍ക്കു മായമില്ല.........

 

 ഇവിടെ നിന്നു വാങ്ങുന്ന മീനില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്നു പേടി വേണ്ട....മാത്രമല്ല, പുഴ മത്‌സ്യം പോലെ ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തില്‍ വളരുന്ന മത്‌സ്യങ്ങളുടെ രുചിത്തനിമ അറിയുകയും ചെയ്യാം. 

 വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യ ജീവി സങ്കേതം ആരംഭിക്കുന്ന പുതിയ സംരംഭമായ' മത്സ്യാരണ്യകം ' പദ്ധതിക്ക് വെള്ളാപ്പാറയില്‍ തുടക്കമായി. ഡി എഫ് ഒ സാബി വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

    ഇടുക്കി അണക്കെട്ടിന്റെ സാക്ഷാത്കാരത്തിന് കാരണഭൂതനായ കൊലുമ്പന്റെ പിന്മുറക്കാരായ കൊലുമ്പന്‍ കോളനി നിവാസികള്‍ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടില്‍ നിന്നും മീന്‍ പിടിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങള്‍ വിറ്റഴിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വനംവകുപ്പ് ഈ പദ്ധതി ആരംഭിക്കുന്നത്. പൊതു സമൂഹത്തിനു മായമില്ലാത്ത ഡാം ഫിഷ് ലഭ്യതക്കനുസരിച്ചു നല്‍കുക എന്നതാണ്  ഈ സംരംഭത്തിന്റെ ലക്ഷ്യം. 7 പേരടങ്ങുന്ന ഫിഷര്‍മെന്‍ സബ് ഗ്രൂപ്പ് കൊലുമ്പന്‍ ഇ.ഡി.സി ആണ് മത്സ്യ വിപണന കേന്ദ്രം നടത്തുന്നത്. കൊലുമ്പന്‍ കോളനി ഊര് മൂപ്പന്‍ ടി.വി രാജപ്പനും പ്രദേശവാസി തങ്കന്‍ തേക്കനാലുമാണ് നേതൃത്വം നല്കുന്നത്. വില്പനയുടെ ആദ്യ ദിവസമായ ഇന്ന് 13.7 കി.ഗ്രാം മത്സ്യത്തിന് 3425 രൂപ ലഭിച്ചു.  7 പേര്‍ക്കും വില്പന ദിവസം തന്നെ 230 രൂപ  അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ബാക്കി 20 രൂപ ഇവരുടെ ജോയ്ന്റ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. മത്സ്യങ്ങളുടെ ബ്രീഡിങ്ങ് സമയങ്ങളില്‍ ഈ തുക ഇവര്‍ക്ക് നിത്യോപയോഗത്തിനായി ചിലവഴിക്കാം.

 പരിപാടിയില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ വിനോദ്കുമാര്‍ എം.ജി, അബ്ജു കെ അരുണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വിജയകുമാര്‍ എസ്, ഉദയഭാനു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിഷാന്‍ എസ്, കെ.ആര്‍ സന്തോഷ്, റ്റി.എ ബഷീര്‍, ജോര്‍ജ്ജ് വര്‍ഗീസ്, ശ്രീകുമാര്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

    എല്ലാദിവസവും രാവിലെ 10 മണിക്ക് വെള്ളാപ്പാറ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള സ്റ്റാളില്‍ നിന്നു ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിലോഗ്രാമിന് 250 രൂപ നിരക്കില്‍  നേരിട്ടും മത്സ്യം വാങ്ങാവുന്നതാണ്. ഓര്‍ഡറുകള്‍ തലേദിവസം രാത്രി 8 മണിക്ക് പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പില്‍ അറിയിക്കാം. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ചു പിറ്റേദിവസം രാവിലെ 9 മണിക്ക് മുന്‍ഗണന  ക്രമത്തില്‍ ഓര്‍ഡര്‍ ഉറപ്പിച്ചു ചെയ്തു മെസേജ് അയക്കുകയും രാവിലെ 10 മണിക്ക്  മത്സ്യം വാങ്ങി പോകാവുന്ന രീതിയിലാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.  മത്സ്യം വാങ്ങുന്നതിനു ബുക്കിംഗ് നമ്പര്‍:  9074770213. 

date