Skip to main content

വോട്ടെണ്ണല്‍: പഴുതടച്ച  സുരക്ഷയൊരുക്കി ജില്ലാ പോലീസ്

 

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി ആക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി ജില്ലാ പോലീസ്. ക്രമസമാധാന നിയന്ത്രണത്തിന് ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രത്യേക തെരഞ്ഞെടുപ്പ് നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. മുഴുവന്‍ പോലീസ് സേനാംഗങ്ങളോടും അവധി ഒഴിവാക്കി ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. മുമ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ നടത്തിയവരെയും, ശിക്ഷ കഴിഞ്ഞിറങ്ങിയവരെയും പ്രത്യേകം നിരീക്ഷിക്കും. ഷാഡോ പോലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രകടനങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ചെറിയ അക്രമ സംഭവങ്ങളിലും കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കി. ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്ന ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സിആര്‍പിഎഫ്, സായുധസേന, ലോക്കല്‍ പോലീസ് ഉള്‍പ്പെടെ 1200 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. അക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതും, മുന്‍പ് തിരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ ഉണ്ടായതുമായ കേന്ദ്രങ്ങളില്‍ പ്രത്യേക പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. അതീവ പ്രശ്‌നസാധ്യത ഉള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങളില്‍ സായുധസേനയുടെ സ്‌ട്രൈക്കിംഗ് ടീം ഉണ്ടാകും. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്  പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് 100 മീറ്റര്‍ ചുറ്റളവ് വാഹന ഗതാഗത നിരോധന മേഖലയായി പ്രഖ്യാപിച്ചു. പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായും, രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

പോലീസിന്റെ മുന്‍കൂട്ടിയുള്ള  അനുമതിയില്ലാതെ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല. ചരക്കുവാഹനങ്ങള്‍, തുറന്ന ലോറികള്‍ തുടങ്ങിയവയില്‍ ആളുകളെ കൊണ്ടുപോകുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും അനുവദിക്കില്ല. അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമനടപടികള്‍ കൈക്കൊള്ളും. അതിരുവിട്ടുള്ള ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കില്ല. പ്രകടനങ്ങള്‍ക്കിടയിലോ മറ്റോ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.  ഗതാഗത തടസമുണ്ടാകും  വിധമോ  പൊതുജന സഞ്ചാരത്തിന് വിഘ്‌നമുണ്ടാക്കുന്ന തരത്തിലോ പ്രകടനങ്ങള്‍ അനുവദിക്കില്ല. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചുള്ള റാലികളും അനുവദനീയമല്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.         (ഇലക്ഷന്‍: 277/19) 

date