Skip to main content

ലിംഗസമത്വവും അവസരസമത്വവും സമൂഹത്തിന് അനിവാര്യം: മന്ത്രി എ.സി.മൊയ്തീൻ

കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ ബാലപാർലമെന്റ് സംഘടിപ്പിച്ചു.  ഓരോ ജില്ലകളിൽ നിന്നും പത്ത്് കുട്ടികൾ വീതം 140 പേരടങ്ങുന്ന ബാലപാർലമെന്റ് പഴയ നിയമസഭാ ഹാളിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ. സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.   
ജനാധിപത്യം പൂർണ്ണമാകാൻ ലിംഗസമത്വവും അവസരസമത്വവും സമൂഹത്തിൽ അനിവാര്യമാണെന്നും ജനാധിപത്യ പ്രക്രിയകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ബഹുസ്വരമുഖമുള്ള ഇന്നത്തെ സമൂഹത്തിൽ മതനിരപേക്ഷമായ നിലപാടുകൾക്ക് വലിയ പങ്കുണ്ട്. നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യസംസ്‌കരണമാണ്. ഇതിൽ പുതിയൊരു ബോധം സൃഷ്ടിക്കാൻ ബാലസഭകൾക്കാകണമെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കുട്ടികൾ എല്ലാ മേഖലയിലും മുൻപന്തിയിലാണ്. ഈ നിലനിൽപ്പിന് മുതൽക്കൂട്ടെന്നോണം നിയമസംവിധാനത്തെ അടുത്തറിയാൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.  
ബാലപാർലമെന്റ് യോഗത്തിലെ ചോദ്യങ്ങളെ അഭിനന്ദിച്ച മന്ത്രി, എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുട്ടികളിൽ നിന്നും പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ഭരണ പ്രതിപക്ഷ അംഗങ്ങൾ എന്നിവരെ പ്രത്യേകം തെരഞ്ഞെടുത്താണ് പാർലമെന്റ് സംഘടിപ്പിച്ചത്. നയപ്രഖ്യാപനം, ചോദ്യോത്തരവേള എന്നീ പാർലമെന്റ് നടപടികളെല്ലാം സംഘടിപ്പിച്ചു. കുട്ടികളുടെ പാർലമെന്ററി സംവിധാനത്തിന്റെ ഉയർന്നതലമാണ് സംസ്ഥാന പാർലമെന്റ്. നേതൃശേഷി, സഹകരണ മനോഭാവം, ജനാധിപത്യബോധം, സർഗ്ഗശേഷി, വ്യക്തിവികാസം എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിലുണ്ടാക്കാനാണ് ബാലസഭകൾ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികളെ പങ്കെടുപ്പിച്ച് എല്ലാ വർഷവും ബാലപാർലമെന്റ് സംഘടിപ്പിക്കാറുണ്ട്. 
ചടങ്ങിൽ കുടുംബശ്രീ ഡയറക്ടർ ആശാ വർഗ്ഗീസ്, വാർഡ് കൗൺസിലർ ജയലക്ഷ്മി, പ്രോഗ്രാം  ഓഫീസർ അമൃത ജി. എസ്., മലപ്പുറം ജില്ലാമിഷൻ കോർഡിനേറ്റർ ഹേമലത, കുട്ടികളുടെ സ്പീക്കർ സൂര്യ തുടങ്ങിയവർ സംബന്ധിച്ചു. ബാല പാർലമെന്റംഗങ്ങൾ പുതിയ നിയമസഭയും സന്ദർശിച്ചു.
പി.എൻ.എക്സ്. 1409/19

date