Skip to main content
അടിമാലി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം പി വര്‍ഗീസ് സംസാരിക്കുന്നു.

അടിമാലിയില്‍ ഉത്തരവാദിത്വ ടൂറിസം വരുന്നു, മാസ്റ്റര്‍പ്ലാന്‍ ഉടന്‍

 

അടിമാലി ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളെ പരപസ്പരം കോര്‍ത്തിണക്കി ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കുന്നതിനു മുന്നോടിയായി ജനപ്രതിനിധികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും അവലോകന യോഗം ചേര്‍ന്നു. മേഖലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുകയും അതിലൂടെ കാര്‍ഷിക വ്യവസായിക മേഖലയ്ക്ക് കരുത്തു പകരുകയുമാണ്  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഗോത്രമേഖലകളിലടക്കമുള്ള വിനോദസഞ്ചാരയിടങ്ങള്‍ കണ്ടെത്തുന്നതിനും അതാതു സ്ഥലങ്ങളിലെ പ്രത്യേകതകളും താമസസൗകര്യങ്ങളും  ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പഞ്ചായത്ത് നടപടി സ്വീകരിക്കും. ഏകീകൃത നിരക്കില്‍ കര്‍ഷകര്‍ക്ക് അവരവരുടെ ഉല്‍പ്പന്നങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് നേരിട്ട് വില്‍പ്പന നടത്താനും അതുവഴി കാര്‍ഷിക മേഖലയുടെ ഉണര്‍വിനുള്ള സാധ്യതകളും പഞ്ചായത്ത് പരിശോധിച്ചു വരികയാണ്.സാഹസിക വിനോദ സഞ്ചാരം, ഗോത്രമേഖലകളിലേക്കുള്ള ട്രെക്കിംഗ്,ഫാം ടൂറിസം ഹൈറേഞ്ചിന്റെ തനി നാടന്‍ ഭക്ഷണ രീതികള്‍ തുടങ്ങിയവയുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. മൂന്നാറിലേക്കടക്കം എത്തുന്ന വിനോദസഞ്ചാരികളെ അടിമാലി ഗ്രാമപഞ്ചായത്തിലെ പുതിയ വിനോദ സഞ്ചാര ഇടങ്ങളിലേക്കുകൂടി എത്തിക്കുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.ഈ മാസം  14 ന് ചേരുന്ന യോഗത്തില്‍ മാസ്റ്റപ്ലാന്‍ തയ്യാറാക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.പുതുതായി കണ്ടെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരം, ടൂറിസം സെമിനാര്‍ എക്സിബിഷന്‍ തുടങ്ങിയവയും സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

date