Skip to main content
ബോധവത്കരണസന്ദേശ ബോര്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ.ജോസഫ് അഗസ്റ്റിന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനില്‍ ഉമ്മന് കൈമാറുന്നു.

ബാലസംരക്ഷണ സമിതികള്‍ ശാക്തീകരിക്കും:  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതി

ത്രിതല പഞ്ചായത്ത് തലത്തിലുള്ള ബാലസംരക്ഷണ സമിതികള്‍ ശാക്തീകരിക്കുവാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനില്‍ ഉമ്മന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതി യോഗം തീരുമാനിച്ചു. ചൂഷണം ചെയ്യപ്പെടാന്‍ സാഹചര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് സമഗ്ര സര്‍വെ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ബോധവത്കരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സന്ദേശ ബോര്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ.ജോസഫ് അഗസ്റ്റിന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനില്‍ ഉമ്മന് കൈമാറി. 

കഴിഞ്ഞ 6 മാസത്തെ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ വിലയിരുത്തിയത്. ജില്ലയിലെ 2 സ്പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സികളായ സി.എ.ആര്‍.എ, എസ്.എ.ആര്‍.എ, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ജില്ലയിലെ ദത്തെടുക്കല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികളും സ്വീകരിക്കുന്നുണ്ട്. 21 കുട്ടികള്‍ക്ക് ഐ.സി.പി.എസ് സ്പോണ്‍സര്‍ഷിപ്പ് ധനസഹായവും 12 കുട്ടികള്‍ക്ക് ഫോസ്റ്റര്‍കെയര്‍ ധനസഹായവും 53 കുട്ടികള്‍ക്ക് സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പ് ധനസഹായവും നല്കുന്നുണ്ട്. കാവല്‍ പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെയും സന്നദ്ധസംഘടന പ്രവര്‍ത്തകരുടെയും സംയുക്ത യോഗം സംഘടിപ്പിക്കുകയും നിയമവുമായി പൊരുത്തപ്പെടാത്ത 35 കുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉത്തരവാദിത്വ പൂര്‍ണമായ രക്ഷകര്‍തൃത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കട്ടപ്പന, അടിമാലി. തൊടുപുഴ എന്നിവിടങ്ങളില്‍  അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി ഏകദിന തത്സമയ സംപ്രേഷണ ശില്പശാല സംഘടിപ്പിച്ചു. കഴിഞ്ഞ 6 മാസം ജില്ലയില്‍ 624 ചൈല്‍ഡ്ലൈന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു . ഈ കാലയളവില്‍ 6472 പേര്‍ക്കായി 152 ബോധവത്കരണ ക്ലാസ്സുകള്‍ നടത്തിയതായും യോഗത്തില്‍ അറിയിച്ചു.  

യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിസ്സി തോമസ്,  ജെ.ജെ.ബി മെമ്പര്‍ അഡ്വ. അനില്‍ ജെ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ.ജോസഫ് അഗസ്റ്റിന്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി റ്റി.എ ആന്റണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്ജ്, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, ചൈല്‍ഡ് റെസ്‌ക്യു ഓഫീസര്‍  കിരണ്‍ കെ പൗലോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date