Skip to main content

പച്ചത്തേങ്ങ, കൊപ്ര സംഭരണം സർക്കാർ പുനരാരംഭിക്കും:  മന്ത്രി വി. എസ്. സുനിൽകുമാർ

പച്ചത്തേങ്ങയുടെയും കൊപ്രയുടെയും സംഭരണം സർക്കാർ പുനരാരംഭിക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പച്ചത്തേങ്ങയുടെ വില 27 രൂപയായി കുറഞ്ഞ സാഹചര്യത്തിലാണ് സംഭരണം നടത്താൻ തീരുമാനിച്ചത്. കേരഫെഡിന്റെ കീഴിലുള്ള സൊസൈറ്റികളിലൂടെ കൃഷി ഭവനുകളുടെ പരിധിയിൽ വരുന്ന സംഘങ്ങൾ വഴിയാണ് സംഭരണം. നാഫെഡ് നിശ്ചയിച്ചിട്ടുള്ള കൊപ്രയുടെ താങ്ങുവിലയായ 95.21 രൂപയ്ക്ക് തന്നെ കേരഫെഡ്, നാളികേരവികസന കോർപറേഷൻ എന്നിവ മുഖേന കൊപ്ര സംഭരിക്കും. പച്ചത്തേങ്ങയുടെ സംഭരണവില  27 രൂപയായി വർധിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ഇത്തവണത്തെ പച്ചത്തേങ്ങ സംഭരണം 26ന് മുമ്പ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 
സംസ്ഥാനത്ത് തെങ്ങുകൃഷി വ്യാപനത്തിനായി സർക്കാർ ആവിഷ്‌കരിച്ച കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 22ന് കോഴിക്കോട് നിർവഹിക്കും. 2019 മുതൽ 2029 വരെയുള്ള കാലയളവിൽ രണ്ടു കോടി തെങ്ങിൻതൈകൾ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നാംഘട്ടത്തിൽ 500 പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും 75 തെങ്ങിൻതൈകൾ വീതം സൗജന്യനിരക്കിൽ വച്ചുപിടിപ്പിക്കും. തെങ്ങിൻതൈയുടെ വിലയുടെ 50 ശതമാനം കർഷകർ അടച്ചാൽ മതി. നാളികേര വികസന കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സി. പി. സി. ആർ. ഐ, കാർഷിക സർവകലാശാല, കൃഷിവകുപ്പിന്റെ ഫാമുകൾ എന്നിവ മുഖേന തൈ ഉത്പാദനം നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 60 ശതമാനം നാടൻ തെങ്ങുകൾ, 20 ശതമാനം പൊക്കം കുറഞ്ഞവ, 20 ശതമാനം ഹൈബ്രീഡ് എന്ന അനുപാതത്തിലാവും തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കുക. തൃശൂർ, പൊന്നാനി എന്നിവിടങ്ങളിലെ കോൾപാടങ്ങളുടെ ബണ്ടുകളിൽ 25,000 തെങ്ങിൻതൈകൾ മാതൃകാ തോട്ടമെന്ന നിലയിൽ ആദ്യ ഘട്ടത്തിൽ നടും. വച്ചുപിടിപ്പിക്കുന്ന തെങ്ങുകൾ പരിപാലിക്കുന്നതിന് നാളികേര വികസന കൗൺസിൽ പഞ്ചായത്തുതലം വരെ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1797/19

date