Skip to main content

പൊതുമരാമത്ത് നിർമാണപ്രവർത്തനങ്ങൾ കുറ്റമറ്റതാകണം: മന്ത്രി ജി. സുധാകരൻ

പൊതുമരാമത്ത് വകുപ്പിൻകീഴിൽ നടക്കുന്ന എല്ലാ നിർമാണപ്രവർത്തനങ്ങളും കുറ്റമറ്റതായിരിക്കാൻ ഉദ്യോഗസ്ഥർ ബദ്ധശ്രദ്ധരായിരിക്കണമെന്ന് പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വകുപ്പിന്റെ കീഴിലുള്ള ഓവർസിയർമാരുടെ സംസ്ഥാന സമ്മേളനം ഓവർസിയേഴ്സ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് വകുപ്പിലെ ഓവർസിയർമാരുടെ സമ്മേളനം സർക്കാർ സംഘടിപ്പിക്കുന്നത്.
പാലാരിവട്ടം മേൽപാലത്തിന്റെ നിർമാണത്തിൽ സംഭവിച്ച അപാകത എല്ലാവർക്കും അപമാനമാണ്. ഇത്തരം സംഭവങ്ങൾ ഇനി സംസ്ഥാനത്ത്് ആവർത്തിക്കരുത്. പാലത്തിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടപ്പോൾത്തന്നെ സർക്കാർ വേണ്ട നടപടിയെടുത്തു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും. നാം കൂടി ഉൾപ്പെട്ട ഒരു പ്രവർത്തനത്തെ ജനങ്ങൾ ആക്ഷേപിക്കാൻ അവസരമുണ്ടാവരുതെന്ന ആത്മാഭിമാനം പൊതുമരാമത്ത് വകുപ്പ് ജീവനക്കാർക്കെല്ലാം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
നിർമാണസാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും തൊഴിലാളികൾ വിദഗ്ധ തൊഴിലാളികളാണെന്ന് ഉറപ്പുവരുത്തുന്നതിലുമടക്കമുള്ള കാര്യങ്ങളിൽ എഞ്ചിനിയർമാർക്കൊപ്പം തന്നെ ഓവർസീയർമാർക്കും ജാഗ്രതയുണ്ടാകണം. ഓരോ കാലത്തും പൂർത്തിയാകേണ്ട നിർമാണം അതതു കാലത്തുതന്നെ പൂർത്തിയാക്കണം.  ഏതെങ്കിലും തരത്തിലുള്ള ചട്ടവിരുദ്ധമായ പ്രവൃത്തികളോ കരാർ ലംഘനമോ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കണം. വകുപ്പിന്റെ കീഴിലുള്ള റോഡുകൾ അന്യർ കൈവശം വയ്ക്കാൻ ഒരുതരത്തിലും അനുവദിക്കരുത്.  
3185 ഓവർസിയർമാരും ആയിരത്തി നാനൂറോളം എഞ്ചിനിയർമാരും ഇപ്പോൾ വകുപ്പിലുണ്ട്. വകുപ്പ് വളരെയധികം ജനകീയമായിരിക്കുന്ന കാലമാണിത്. മുമ്പ് ജനങ്ങളും പിഡബ്ല്യുഡിയും തമ്മിലുള്ള ബന്ധം സംഘർഷഭരിതമായിരുന്നു. ഈ സർക്കാർ വന്നതിനുശേഷം അതിനു മാറ്റമുണ്ടായി. ഭാവികേരളത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള വളരെ വ്യാപ്തിയേറിയ അടിസ്ഥാന വികസനമാണ് വകുപ്പ് നിർവഹിക്കുന്നത്. നമ്മുടെ റോഡുകൾ പലതും അന്തർദേശീയ നിലവാരമുള്ളതാണെന്ന് വിദേശരാജ്യങ്ങളിൽനിന്ന്  അവധിക്ക് നാട്ടിലെത്തുന്ന മലയാളികൾ അഭിപ്രായപ്പെടുന്നുണ്ട്. റോഡുകളുടെ നിർമാണത്തിലും പരിപാലനത്തിലും ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു. 
ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് മെയ്ന്റനൻസിന് ഒരു ഡിവിഷനുണ്ടാക്കുകയാണ്. റോഡ് നിർമിക്കുമ്പോൾത്തന്നെ അതിന്റെ നിർമാണം കുറ്റമറ്റതാണെന്ന് മെയ്ന്റനൻസ് വിഭാഗം സർട്ടിഫൈ ചെയ്യണം. മൂന്നുവർഷം കൊണ്ട് നാനൂറിലേറെ പാലങ്ങളാണ് പൊതുമരാമത്ത് ഡിസൈൻ വിഭാഗം രൂപകൽപനചെയ്ത് നൽകിയത്. വകുപ്പിൽ ഒഴിവുണ്ടായിരുന്ന 3557 തസ്തികകകളിൽ പുതിയ നിയമനം നടത്തി. ചീഫ് എഞ്ചിനിയർമാർ മുതൽ ഓവർസിയർമാർ വരെയുള്ള തലങ്ങളിൽ പുതിയ തസ്തികകൾ സൃഷ്ടിച്ച് വകുപ്പിനെ ശാക്തീകരിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  മികവാർന്ന പ്രവർത്തനം നടത്തിയ ഓവർസിയർമാർക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാത ഭരണവിഭാഗം ചീഫ് എഞ്ചിനിയർ എം. അശോക് കുമാർ, കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയർ ഇ.കെ. ഹൈദ്രു, നിരത്ത് വിഭാഗം ചീഫ് എഞ്ചിനിയർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ് തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.1837/19

date