Skip to main content

വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ വിവേചനം പാടില്ല-ജില്ലാ കലക്ടര്‍

വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ലെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു. ഫുള്‍ ടിക്കറ്റ് യാത്രക്കാര്‍ കയറിയ ശേഷം മാത്രം കുട്ടികളെ കയറ്റുക, ക്യു നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളില്‍ തെളിവ് സഹിതം പരാതി ലഭിച്ചാല്‍ കണ്ടക്ടര്‍ തുടങ്ങി ഉത്തരവാദികളായ ജീവനക്കാരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. കലക്‌ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്ന  സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കലക്ടര്‍.  

ബസ് ജീവനക്കാര്‍ സ്വന്തം നിയമം നടപ്പാക്കാന്‍ പാടില്ല. വിദ്യാര്‍ഥികള്‍ ബസില്‍ കയറിയ ശേഷം മാത്രമേ പാസുകള്‍ പരിശോധിക്കാന്‍ പാടുള്ളൂ. ബസുകളില്‍ ഇന്‍സ്പെക്ഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഓരോ ബസിലെയും രജിസ്റ്റര്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധിക്കണം. പുതിയ പാസ് അനുവദിക്കുന്നത് വരെ പഴയ പാസില്‍ യാത്രാ ആനുകൂല്യം നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു.  

പാസ് നല്‍കുന്നതിന് ആര്‍.ടി.ഓഫീസുകളില്‍ ആഴ്ചയില്‍ 2 ദിവസം (ബുധന്‍, ശനി) പ്രവര്‍ത്തിക്കുന്ന തരത്തില്‍ കൗണ്ടര്‍ സ്ഥാപിക്കണം. പാസുകള്‍ നല്‍കുന്നതിന് കെഎസ്ആര്‍ടിസി ഡിപോകളില്‍ എല്ലാ ദിവസവും കൗണ്ടര്‍ പ്രവര്‍ത്തിക്കണം. പാസുകള്‍ പരിശോധിച്ച് പരമാവധി അന്നു തന്നെ നല്‍കാനുള്ള നടപടി സ്വീകരിക്കണം. വ്യാജ പാസുകള്‍ കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ഉറപ്പു നല്‍കി. യാത്രാ ആനുകൂല്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള ഉപദ്രവമുണ്ടാകരുതെന്നും  നല്ല പരിഗണന നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. 

സബ്കലക്ടര്‍ വി. വിഘ്നേശ്വരി, ആര്‍ടിഒ മാരായ എ കെ ശശികുമാര്‍, വി വി മധുസൂദനന്‍, ട്രാഫിക് അസി. കമിഷണര്‍ പി കെ രാജു, ബസ് ഉടമകള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date