Skip to main content

കൊച്ചി മറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര പ്രദർശന നഗരി ഒരുങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനം നാളെ (ജൂൺ 20)

കേരളത്തിന്റെ വ്യവസായ വാണിജ്യ വികസനമെന്ന കാഴ്ചപ്പാടിൽ കൊച്ചി മറൈൻ ഡ്രൈവിൽ പാരമ്പര്യത്തനിമയോടെ അന്താരാഷ്ട്ര പ്രദർശന നഗരി ഒരുങ്ങുന്നു. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആവിഷ്‌കരിക്കുന്ന  പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ ( 20.06.19) വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റവന്യൂ മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മറൈൻ ഡ്രൈവ് പദ്ധതിയുടെ ഇ. ഒ. ഐ., ഡിജിറ്റൽ പ്രസന്റേഷൻ എന്നിവ ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക് പ്രകാശനം ചെയ്യും. 
കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നതെന്ന് റവന്യു മന്ത്രി പറഞ്ഞു.  17.9 ഏക്കർ വിസ്തൃതിയുള്ള ഭൂപ്രദേശത്ത് 3105 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ, ഇന്റർനാഷണനൽ ട്രേഡ് ഫെയർ, കേരള ഡിസൈൻ ഫെസ്റ്റിവൽ, മോട്ടോർ ഷോ, കൺവെൻഷനുകൾ, മേളകൾ എന്നിവയ്ക്കായി അന്താരാഷ്ട്ര നിലവാരത്തിൽ ഹരിതചട്ടം പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സ്ഥിരം വേദികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ അനുഷ്ഠാന കലകൾ, തനതു നാടൻ കലകൾ, സംസ്‌കാരം, ചരിത്രം എന്നിവ ഉൾക്കൊള്ളിച്ചു കൾച്ചറൽ ലിവിങ് മ്യൂസിയം, പൈതൃകഗ്രാമം എന്നിവയും ഈ പദ്ധതിയുടെ പ്രത്യേക ആകർഷണമാണ്. 
പദ്ധതി പ്രദേശത്തെ വിവിധ മേഖലകളായി തരം തിരിച്ചിട്ടുണ്ട്. പ്രദർശന വേദികൾ, സ്റ്റാളുകൾ, റസ്റ്റാറന്റ്, ഓപ്പൺ തിയേറ്റർ എന്നിവയുൾപ്പെട്ട എക്സിബിഷൻ സോൺ, കളിസ്ഥലം, പാർക്ക്, വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ എന്നിവ അടങ്ങുന്ന ടൂറിസം സോൺ, പൊതുപരിപാടികൾ, കൺവെൻഷനുകൾ എന്നിവയാക്കായി കൺവെൻഷൻ സോൺ, വിവാഹ ചടങ്ങുകൾ പോലുള്ളവ നടത്താനായി ഇവന്റ്സ് സോൺ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവ ഉൾപ്പെട്ട ഓഫീസ് സോൺ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. സ്വകാര്യ പൊതു മേഖലാ പങ്കാളിത്തത്തിലൂടെ ധനസമാഹരണം നടത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 
കെട്ടിടനിർമ്മാണ മേഖലയിൽ കാലത്തിനനുസൃതമായി സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വരുത്തിയ മാറ്റങ്ങൾക്ക് ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം ഐ. എസ്. ഒ. 9001: 2015, എൻവയോൺമെന്റ് മാനേജ്മെന്റ് സിസ്റ്റം ഐ. എസ്. ഒ. 14001:2015 എന്നീ സർട്ടിഫിക്കേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കുമെന്ന് മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1865/19

date