Skip to main content

വായന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന് (19) പത്തനംതിട്ടയില്‍

 

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ അനുസ്മരണാര്‍ഥം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (19) രാവിലെ 10ന് പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് എഫ്. ക്ലമന്റ് ലോപ്പസ് അധ്യക്ഷത വഹിക്കും. പത്തനംതിട്ട നഗരസഭ അധ്യക്ഷ ഗീത സുരേഷ് വായനാദിന പ്രതിജ്ഞ ചൊല്ലും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും വായനപക്ഷാചരണ സന്ദേശം നല്‍കുകയും ചെയ്യും. പ്രൊഫഷണല്‍ നാടക മത്സരത്തിലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് തോമ്പില്‍ രാജശേഖരനെ ചടങ്ങില്‍ ആദരിക്കും. 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍.തുളസീധരന്‍ പിള്ള, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ.ശാന്തമ്മ, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വത്സല, അസിസ്റ്റന്റ് എഡ്യുക്കേഷന്‍ ഓഫീസര്‍ എന്‍.അനില്‍കുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, സിഎന്‍ആര്‍ഐ അമീര്‍ജാന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ.നസീര്‍ തുടങ്ങിയവര്‍ സംസാരിക്കും. 

ജില്ലാ ഭരണകൂടത്തിന്റെയും  ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ, തദ്ദേശഭരണ, വിവര പൊതുജനസമ്പര്‍ക്ക വകുപ്പുകള്‍, സാക്ഷരതാ മിഷന്‍, എസ്എസ്‌കെ, കുടുംബശ്രീ, ഐടി മിഷന്‍, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പക്ഷാചരണം. വിദ്യാലയങ്ങളില്‍ പ്രതിജ്ഞ, അക്ഷരമരം, കലാമത്സരങ്ങള്‍, വായനാനുഭവം പങ്കുവയ്ക്കല്‍, കൈയെഴുത്ത് മാസിക തയാറാക്കല്‍, പുസ്തക പ്രദര്‍ശനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കും. ഗ്രന്ഥശാലകളെയും സ്‌കൂള്‍-കോളജ് ലൈബ്രറികളെയും സാംസ്‌കാരിക സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കാവ്യാലാപനം, പെയിന്റിംഗ് മത്സരങ്ങള്‍ നടത്തും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തും.   

                                                                      (പിഎന്‍പി 1344/19)

date