Skip to main content

കാര്‍ഷിക സര്‍വേ : ഇന്‍പുട്ട് സര്‍വേ പരിശീലനത്തിന് തുടക്കമായി

ശാസ്ത്രീയ കാര്‍ഷിക മുന്നേറ്റത്തിന് മണ്ണിന്റെ ഭൂമിശാസ്ത്രപരമായ ഘടന പരിശോധിക്കേണ്ടത് അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍.  വളപ്രയോഗം, വിത്ത് എന്നിവപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകമാണ് മണ്ണിന്റെ ഘടനയും.  ഇത് പഠിക്കുന്നതിന് മറ്റ് വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.  സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റെ കാര്‍ഷിക സര്‍വേ മൂന്നാം ഘട്ട ഇന്‍പുട്ട് സര്‍വേ പരിശീലനവും നവീകരിച്ച വെബ്‌സൈറ്റും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളായി തരംതിരിച്ച് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തണം. കൃഷി വകുപ്പിന്റെ വികസന പദ്ധതികള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന് സ്ഥിതിവിവരക്കണക്കുകള്‍ കൃത്യമായി ലഭിക്കേണ്ടതുണ്ട്.  സംസ്ഥാനത്തിന്റെ നയ രൂപീകരണത്തിനുള്ള പ്രധാന ഘടകമാണ് സെന്‍സസ് എന്നും മന്ത്രി പറഞ്ഞു.

ദേശീയ വ്യാപകമായി നടക്കുന്ന പത്താമത് കാര്‍ഷിക സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ്.  സെന്‍സസിന്റെ മൂന്നാംഘട്ടമായ ഇന്‍പുട്ട് സര്‍വേയുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ ആരംഭിക്കും.

തൈക്കാട് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക സ്ഥിതിവിവരക്കണക്ക് 2016-17 ന്റെ പ്രകാശനവും കൃഷി മന്ത്രി നിര്‍വഹിച്ചു.

 ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. സുദര്‍ശന്‍, സാമ്പത്തിക സ്ഥിതി വിവരകണക്ക് ഡയറക്ടര്‍ ജനറല്‍ വി. രാമചന്ദ്രന്‍, അഡീഷണല്‍ ഡയറക്ടര്‍ (പ്രൈസസ്) കെ. ദാമോദരന്‍, അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) പി.വി. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.5432/17

date