Skip to main content

പുതു സാധ്യതകളുമായി വീണ്ടുമൊരു മലപ്പുറം മോഡല്‍ - അക്ഷയ ലൈവ് വരുന്നു

 

വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തുറന്ന അക്ഷയയുടെ പുതിയ സംരംഭത്തിന് മലപ്പുറത്ത് തുടക്കമാവുന്നു. പതിവ് സാങ്കേതിക സേവനങ്ങള്‍ക്കുപരിയായി പൊതു സമൂഹത്തിനു അടിസ്ഥാന ആവശ്യങ്ങള്‍ക്കു ആശ്രയിക്കാവുന്ന അക്ഷയ ലൈവ് എന്ന വെബ്‌സൈറ്റാണു മറ്റൊരു മലപ്പുറം മോഡലായി അക്ഷയ ജില്ലാ പ്രൊജക്റ്റ് വിഭാഗം അവതരിപ്പിക്കുന്നത്.
വില്‍പ്പനക്കുള്ള സ്ഥലത്തിന്റെ വിവരങ്ങള്‍, ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കാനുള്ള വിവരങ്ങള്‍,  ഇലക്ട്രോണിക്‌സ്, ഫര്‍ണ്ണിച്ചര്‍, വാടക വീട്, സേവനങ്ങളുടെ വിവരങ്ങള്‍, വിവാഹ പരസ്യങ്ങള്‍, ജോലി സാധ്യതകള്‍, മൊബൈല്‍സ്, ഓട്ടോ, ടാക്‌സി, ടൂറിസം പാക്കേജുകള്‍, കൃഷി തുടങ്ങിയ  വാങ്ങാനും വില്‍ക്കാനുമുള്ള വിവരങ്ങളും മറ്റു പൊതു സേവനങ്ങളും അക്ഷയ ലൈവില്‍ പോസ്റ്റ് ചെയ്യാം. ഗുണഭോക്താവുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ഈ പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. ഏതൊരാള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നേരിട്ടോ ഇതില്‍ പരസ്യം ചേര്‍ക്കാം.
ആദ്യ ഘട്ടത്തില്‍ ംംം.മസവെമ്യമഹശ്‌ല.ശി എന്ന വെബ്സൈറ്റില്‍ ഈ സൗകര്യം ലഭ്യമാണ്. പിന്നീട് ഇതിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും ലഭ്യമാകും. അക്ഷയ ലൈവിന്റെ ഉദ്ഘാടനം  ജൂണ്‍ 22 നു ശനിയാഴ്ച മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വ്വഹിക്കും.
2002 നവംബര്‍ 18 ന് അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമാണ് അക്ഷയ നാടിനു സമര്‍പ്പിച്ചിരുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഒരാശയമായി കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കാന്‍ ആരംഭിച്ച അക്ഷയ വിജയകരമായതോടെ സര്‍ക്കാര്‍ പദ്ധതിയെ സംസ്ഥാന വ്യാപകമാക്കുകയായിരുന്നു. പിന്നീട് പൊതുജന സേവനത്തിനായുള്ള ഔദ്യോഗിക സംവിധാനമായി അക്ഷയ മാറി. സര്‍ക്കാര്‍ നല്‍കുന്ന വിവിധ രേഖകളും വിവരങ്ങളും സര്‍ട്ടിഫിക്കറ്റുകളും അക്ഷയ കേന്ദ്രം വഴിയാക്കി മാറ്റിയതോടെ ഇത് ഒഴിച്ചുകൂടാനാകാത്ത സംരംഭമായി വളരുകയായിരുന്നു. ആധാര്‍ കാര്‍ഡ്, റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍, ഇ ഡിസ്ട്രിക്ട് പദ്ധതി തുടങ്ങി എണ്ണിയാലൊതുങ്ങാത്ത സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രം ഒരു ഗ്രാമീണ ഡിജിറ്റല്‍ കേന്ദ്രമായി ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു.  
     ജില്ലയില്‍ താഴെ തട്ടിലുള്ള എല്ലാവിധ പരസ്യങ്ങളും കുടില്‍ വ്യവസായം മുതല്‍ എല്ലാതരം വിവരങ്ങളും നല്‍കാന്‍ സാധിക്കുമെന്നതാണ് 'അക്ഷയ ലൈവ്' ന്റെ പ്രത്യേകതയെന്ന് അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ മെവിന്‍ വര്‍ഗീസ്സ് പറഞ്ഞു. 17 വര്‍ഷം മുമ്പ് അക്ഷയ ആരംഭിച്ച മലപ്പുറത്ത്  ജില്ലയില്‍ തന്നെയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതി വിജയകരമായാല്‍ മലപ്പുറത്തിന്റെ സംഭാവനയായി ജില്ലയുടെ അമ്പതാം വാര്‍ഷികത്തില്‍ മറ്റൊരു മുതല്‍ക്കൂട്ടായി സംസ്ഥാനത്തുടനീളം മാതൃകയാക്കി വ്യാപിക്കാനാണു പദ്ധതി ഉദ്ദേശിക്കുന്നത്.

 

date