Skip to main content

ചിഞ്ചുവിന് സ്‌കൂളില്‍ പോകാന്‍ സര്‍ക്കാരിന്റെ കൈത്താങ്ങ്

കാട്ടുനായിക്ക വിഭാഗത്തിലെ ജ•നാ കേള്‍വി ശക്തിയില്ലാത്ത ആറു വയസ്സുകാരിക്ക് സ്‌കൂളിലേക്ക് വാഹനത്തില്‍ പോകാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ വെണ്ണേക്കോട് കോളനിയിലെ പത്മനാഭന്‍-സീമ ദമ്പതികളുടെ മകളായ ചിഞ്ചുവിനാണ് ബഡ്‌സ് സ്‌കൂളിലെത്തിക്കുന്നതിന് ധനസഹായം നല്‍കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടന്ന പട്ടിക വര്‍ഗ വികസനത്തിനായുള്ള ജില്ലാതല വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ തീരുമാനിച്ചത്.
നിലമ്പൂര്‍ നഗരസഭയിലെ വല്ലപ്പുഴയിലുള്ള ബഡ്‌സ് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചിഞ്ചു 20 കിലോ മീറ്റര്‍ യാത്ര ചെയ്താണ് ദിവസവും സ്‌കൂളിലെത്തുന്നത്. അമ്മ സീമ തന്നെയാണ് ചിഞ്ചുവിനെ സ്‌കൂളില്‍ കൊണ്ട് വിടുന്നതും തിരിച്ച് കൊണ്ട് വരുന്നതും. ഇതിനായി ദിവസം 80 രൂപയിലധികമാണ് ഈ കുടുംബത്തിന്  ചെലവാകുന്നത്. കൂലി വേല ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് സഹായമായാണ് അടിയ-പണിയ പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രതിമാസം 1500 രൂപ അനുവദിക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശം പ്രൊജക്ട് ഓഫീസര്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയായി ടി.പി മോഹന്‍ദാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ജഗല്‍ കുമാര്‍, നിലമ്പൂര്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ശ്രീകുമാര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date