Skip to main content

വായന പ്രോത്‌സാഹിപ്പിക്കാൻ ആധുനികസാങ്കേതികവിദ്യയ്ക്ക് കഴിയും- മുഖ്യമന്ത്രി പിണറായി വിജയൻ

* വായനപക്ഷാചരണത്തിന് തുടക്കമായി
വായനയെ നല്ല രീതിയിൽ പ്രോത്‌സാഹിപ്പിക്കാൻ ആധുനികസാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്.എം.വി എച്ച്.എസ്.എസിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ മുന്നേറ്റം പുസ്തകങ്ങളുടെ സംരക്ഷണത്തിന് ഉതകണം. നഷ്ടപ്പെട്ടുപോയി എന്നു കരുതുന്ന പുസ്തകങ്ങൾ ഇന്ന് ഇൻറർനെറ്റിൽ ലഭ്യമാകുന്നത് ഇതിന്റെ ഗുണവശമാണ്. വായന കുറയുന്നു എന്നു പരാതിയുയരുമ്പോഴും നല്ലതോതിൽ പുസ്തകങ്ങൾ കേരളത്തിൽ ഇറങ്ങുന്നുണ്ട്. വായനയിൽ ശ്രദ്ധിക്കാത്തവരുണ്ടാകാമെങ്കിലും വായനയ്ക്ക് മരണമില്ല. 
കേരളത്തിലുടനീളം ഒട്ടേറെ ഗ്രന്ഥശാലകൾ കാണാനാകും. തദ്ദേശസ്ഥാപനങ്ങളുൾപ്പെടെ മികച്ച പ്രോത്സാഹനമാണ് നൽകിവരുന്നത്. നമ്മുടെ നാട്ടിൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ വായനശാലകൾ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ എല്ലാവർക്കും വിദ്യാഭ്യാസമുള്ള കാലായിരുന്നില്ല അത്. വിദ്യാഭ്യാസമില്ലാത്തവരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ അക്ഷരമഭ്യസിപ്പിക്കാനും അറിവുപകരാനും ശ്രമമുണ്ടായി. കേരളത്തിലാകെ ഗ്രന്ഥശാലകൾ വളർത്തിയെടുക്കാൻ ഓടിനടന്നയാളാണ് പി.എൻ. പണിക്കരെന്നും ഗ്രന്ഥശാല പ്രസ്ഥാനത്തിന് മറക്കാനാവാത്ത വ്യക്തിയാണ് ഐ.വി ദാസെന്നും അദ്ദേഹം പറഞ്ഞു. 
ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീൽ അധ്യക്ഷത വഹിച്ചു. സങ്കുചിതമായ വീക്ഷണം മാറ്റാൻ വായനയിലൂടെ കഴിയുമെന്നും പാഠ്യവിഷയബന്ധിതമായ വായനമാത്രമായി പരിമിതപ്പെട്ടാൽ ഇതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ എഴുത്തുപെട്ടി എന്ന പേരിൽ കുട്ടികളുടെ സൃഷ്ടികളും, വായിച്ച കൃതികളെ പറ്റിയുള്ള അഭിപ്രായവും എഴുതിയിടാൻ പെട്ടികൾ വിദ്യാലയങ്ങളിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ പി.എൻ. പണിക്കർ അനുസ്മരണപ്രഭാഷണം നടത്തി. 
സ്‌കൂൾ ലൈബ്രറിക്കുള്ള പുസ്തകങ്ങൾ  സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ചവറ കെ.എസ്.പിള്ള കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാജ്‌മോഹൻ, കൗൺസിലർ എം.വി. ജയലക്ഷ്മി, സ്‌കൂൾ പ്രിൻസിപ്പൽ വസന്തകുമാരി, ഹെഡ്മാസ്റ്റർ സലിൽകുമാർ, പി.ടി.എ പ്രസിഡൻറ് സുരേഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ സ്വാഗതവും ജോയന്റ് സെക്രട്ടറി എൻ.എസ്. വിനോദ് നന്ദിയും പറഞ്ഞു. പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസിന്റെ ജൻമദിനമായ ജൂലൈ ഏഴുവരെയാണ് വായനപക്ഷമായി ആചരിക്കുന്നത്. സംസ്ഥാന സർക്കാരും ലൈബ്രറി കൗൺസിലും പി.എൻ പണിക്കർ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പി.എൻ.എക്സ്.1882/19

date