Skip to main content

രാജ്ഭവനിൽ പൊതുമരാമത്ത്് വകുപ്പിന് പുതിയ കെട്ടിടം; ഗവർണർ ഉദ്ഘാടനം ചെയ്തു

രാജ്ഭവനിൽ പൊതുമരാമത്ത് വകുപ്പിനായി നിർമിച്ച പുതിയ കെട്ടിടം ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ സിവിൽ, ഇലക്ട്രിക്കൽ വിഭാഗം ചെറിയ ഒറ്റമുറിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇത് മനസ്സിലാക്കിയ ഗവർണറുടെ നിർദേശ പ്രകാരമാണ് പുതിയ കെട്ടിടത്തിന് നിർമാണ അനുമതിയായത്. രാജ്ഭവനിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങൾക്ക്  പരിഹാരം കാണാനായതായി  ഗവർണർ പറഞ്ഞു. മതിലുകളുടെ ഉയരം കൂട്ടാനും സുരക്ഷാ ഉദ്യോഗസഥരുടെയും ഗാർഡനർമാരുടെയും വിശ്രമമുറികൾ മികച്ചതാക്കാനും കഴിഞ്ഞു. മരച്ചില്ലകൾ വീണ്  വൈദ്യുത ലൈനുകൾ തകരാറാകുന്നത് തടയാൻ കേബിളുകൾ ഭൂമിക്കടിയിലൂടെയാക്കി. ചെടികളിലും മരങ്ങളിലും നൽകിയിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ശാസ്ത്രീയനാമം ഉൾപ്പെടെ വ്യക്തമാക്കുന്ന ഡിജിറ്റൽ പൂന്തോട്ടവും രാജ്ഭവനിൽ തയാറാണ്. പുതിയ കെട്ടിടം 11 മാസത്തിനുള്ളിൽ പൂർത്തീകരിച്ചതിന് വകുപ്പിനെ ഗവർണർ പ്രത്യേകം അഭിനന്ദിച്ചു. കെട്ടിടത്തിന്റെ കരാറുകാരൻ എം. ബിജുവിനെ ചടങ്ങിൽ ആദരിച്ചു.
രാജ്ഭവനിലെ മറ്റു കെട്ടിടങ്ങളുടെ നിർമാണ ശൈലിയ്ക്ക് അനുയോജ്യമായ വിധമാണ് പുതിയ കെട്ടിടവും രൂപകല്പന ചെയ്തിരിക്കുന്നത്. 82.64 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. മൂന്ന് നിലകളായുള്ള കെട്ടിടത്തിന് 440 ചതുരശ്രമീറ്ററാണ് വിസ്തീർണം. പമ്പ് ഓപ്പറേറ്റർ റൂം, പമ്പ് ഹൗസ്, ഇലക്ട്രിക്കൽ സ്്റ്റോർ റൂം അടങ്ങുന്ന കെട്ടിടത്തിൽ പി.ഡബ്ല്യു.ഡി. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളാണ് പ്രവർത്തിക്കുക. രാജ്ഭവനിലെ സി. സി. ടി. വി. ക്യാമറകളുടെ സജ്ജീകരണത്തിന് ഒരു നില ഉപയോഗിക്കും. കൂടുതൽ പ്രദേശത്ത് സി. സി. ടി. വികൾ സ്ഥാപിക്കും. കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകൾ ഗവർണറും പത്നി സരസ്വതിയും ചേർന്ന് വിതരണം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധൊദാവത്, ചീഫ് എൻജിനീയർ ഇ. കെ. ഹൈദ്രു, ചീഫ് ആർക്കിടെക്ട് പി. എസ്. രാജീവ്, സൂപ്രണ്ടിംഗ് എൻജിനീയർ ഹരിലാൽ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.1883/19

date