Skip to main content

വായന അറിവും ഉള്‍ക്കാഴ്ചയും നല്‍കും - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

വായന അറിവ് പകരുകയും ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജാതി, മത, വിഭാഗീയ, തീവ്രവാദങ്ങളില്‍ നിന്നും മനുഷ്യരെ മുക്തമാക്കാന്‍ വായന അനിവാര്യമാണ്. ഒരു വ്യക്തിയെ നല്ല മനുഷ്യനാക്കി മാറ്റുന്നതില്‍ വായനയ്ക്ക് മുഖ്യ പങ്കാണുളളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. . 

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ക്ലമന്റ് ലോപ്പസ് അധ്യക്ഷത വഹിച്ചു. പ്രൊഫഷണല്‍ നാടക മത്സരത്തിലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് തോമ്പില്‍ രാജശേഖരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ ആദരിച്ചു. പത്തനംതിട്ട നഗരസഭ അധ്യക്ഷ ഗീത സുരേഷ് വിദ്യാര്‍ഥികള്‍ക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും വായനപക്ഷാചരണ സന്ദേശം നല്‍കുകയും ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ.ശാന്തമ്മ മുഖ്യ പ്രഭാഷണം നടത്തി. തൈക്കാവ് ഗവ എച്ചഎസ്എസ് വിദ്യാര്‍ഥികളായ എംഎസ് പൂജ, അനുപമ കൃഷ്ണന്‍ എന്നിവര്‍ വായനാ അനുഭവങ്ങള്‍ പങ്കുവച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ എച്ച്.എസ് വിഭാഗം വായനാ മത്സരവിജയിയായ കെ സുദര്‍ശനയെ പ്രൊഫ റ്റി കെ ജി നായര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് സുദര്‍ശന തന്റെ വായനാ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍.തുളസീധരന്‍ പിള്ള, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വത്സല, അസിസ്റ്റന്റ് എഡ്യുക്കേഷന്‍ ഓഫീസര്‍ എന്‍.അനില്‍കുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, സിഎന്‍ആര്‍ഐ പ്രതിനിധി അമീര്‍ജാന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ.നസീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍, യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ ശ്രീലേഖ, ഗവ എച്ചഎസ്എസ് തൈക്കാവ് പ്രിന്‍സിപ്പല്‍ ആര്‍ ഉഷാകുമാരി, ഗവ.വിഎച്ച്എസ്ഇ തൈക്കാവ് പ്രിന്‍സിപ്പല്‍ ലിന്‍സി എല്‍ സ്‌കറിയ, ഗവ.എച്ച്എസ് ഹെഡ്മിസ്ട്രസ് എസ്.ലീലാമണി, ഗവ.എച്ച്എസ്എസ് തൈക്കാവ് എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ കെ എസ് ഹരിലാല്‍, സ്റ്റാഫ് സെക്രട്ടറി എസ് പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.  

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ അനുസ്മരണാര്‍ഥം സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 19 മുതല്‍ ജൂലൈ എട്ട് വരെയാണ് ജില്ലയില്‍ വായന പക്ഷാചരണം നടത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും  ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ, തദ്ദേശഭരണ, വിവര പൊതുജനസമ്പര്‍ക്ക വകുപ്പുകള്‍, സാക്ഷരതാ മിഷന്‍, എസ്എസ്‌കെ, കുടുംബശ്രീ, ഐടി മിഷന്‍, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പക്ഷാചരണം. വിദ്യാലയങ്ങളില്‍ പ്രതിജ്ഞ, അക്ഷരമരം, കലാമത്സരങ്ങള്‍, വായനാനുഭവം പങ്കുവയ്ക്കല്‍, കൈയെഴുത്ത് മാസിക തയാറാക്കല്‍, പുസ്തക പ്രദര്‍ശനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കും. ഗ്രന്ഥശാലകളെയും സ്‌കൂള്‍-കോളജ് ലൈബ്രറികളെയും സാംസ്‌കാരിക സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കാവ്യാലാപനം, പെയിന്റിംഗ് മത്സരങ്ങള്‍ എന്നിവ നടത്തും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും                                                                     (പിഎന്‍പി 1457/19)

date