Skip to main content

പ്രളയം; വീടു നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്ക് അപ്പീലിന് അവസരം നൽകാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

കാക്കനാട്: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്ക് അപ്പീൽ നൽകാൻ ഒരവസരം കൂടി നൽകാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിട്ടു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിലാണ് ചെയർമാൻ ജ: പി.കെ .ഹനീഫ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയത്. പ്രളയത്തിൽ വീട് നഷ്ടമായ തങ്ങൾക്ക് അപ്പീൽ അപേക്ഷ നൽകാൻ സാവകാശം ലഭിച്ചില്ലെന്ന് പരാതിക്കാർ ബോധിപ്പിച്ചു. ഇതിനെ തുടർന്നാണ് ഇത് പ്രത്യേക കേസായി പരിഗണിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്. അർഹതയുണ്ടായിട്ടും റേഷൻ കാർഡ് ദാരിദ്ര്യ രേഖക്ക് താഴെയാക്കാത്തതിനെതിരെ 8 പേർ നൽകിയ പരാതിയിൽ നാല് പേർക്ക് ഉടനടി ബി.പി.എൽ കാർഡ് നൽകാമെന്നും ബാക്കി നാല് പേരുടെ കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കാമെന്നും സവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു. മൂന്ന് ഇൻക്രിമെൻറ് നിയമ വിരുദ്ധമായി തടഞ്ഞതിനെതിരെ ജല വിഭവ വകുപ്പിൽ നിന്ന് വിരമിച്ച അസി.എഞ്ചിനീയർ നൽകിയ പരാതിയിൽ നേരത്തെ കമ്മീഷൻ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ജല വിഭവ വകുപ്പ് ഇത് നടപ്പാക്കിയില്ലെന്ന് കാണിച്ച് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് ജലവിഭവ വകുപ്പ് കമ്മീഷനെ അറിയിച്ചു. ഇതിനെ തുടർന്ന് തുടർ നടപടികൾ വേഗത്തിലാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. 37 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 15 എണ്ണം ഉത്തരവിനായി മാറ്റി.

date