Skip to main content
കൂളിയാട് ഗവ.ഹൈസ്‌കൂളിലൈ കുട്ടികള്‍ക്ക് തുണി സഞ്ചിയും ക്ലാസ് മുറികളിലേക്കുള്ള മുള കൊണ്ടുള്ള വേസ്റ്റ്ബിന്നും വിതരണം ചെയ്തപ്പോള്‍. 

മാലിന്യ പരിപാലനത്തില്‍ പുതുവിപ്ലവം തീര്‍ത്ത് സീറോ പ്ലാസ്റ്റിക് ക്യാമ്പസ് കൂളിയാട് മാതൃക

മാലിന്യ സംസ്‌കരണത്തില്‍ പുതിയ വിപ്ലവം തീര്‍ക്കുകയാണു കൂളിയാട് ഗവ.ഹൈസ്‌കൂള്‍. കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുതന്നെ മാതൃകയാവുകയാണ്.  
മാലിന്യങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്ന ദൈനംദിന പ്രവര്‍ത്തികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയുള്ള വലിയ പ്രവര്‍ത്തനങ്ങളാണു സ്‌കൂളില്‍ നടക്കുന്നത്. ഇതിനായി സൗജന്യ നിരക്കില്‍ മഷിപ്പേന വിതരണം, ഒരു കുട്ടിക്ക് ഒരു ഗ്ലാസ് പദ്ധതി, ഒരു കുട്ടിക്ക് ഒരു പ്ലേറ്റ് പദ്ധതി, മുഴുവന്‍ കുട്ടികള്‍ക്കും പേപ്പര്‍ പേന പരിശീലനം, രക്ഷിതാക്കള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം, സ്‌കൂളില്‍ സീറോ പ്ലാസ്റ്റിക് ക്യാമ്പസ് പദ്ധതിക്കായുള്ള ഹരിതസേനാ രൂപീകരണം, പ്ലാസ്റ്റിക് മാലിന്യ പുനരുപയോഗം എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായുള്ള സെമിനാര്‍ എന്നിവ സ്‌കൂളില്‍ നടന്നു വരുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുനരുപയോഗ കേന്ദ്രത്തിലെത്തിക്കുന്ന വേറിട്ട പദ്ധതിയും സ്‌കൂളിന്റെ ഭാഗമായിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തും ഊര്‍ജവുമായി ഹരിതകേരളം മിഷനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട്. പുതിയ വര്‍ഷത്തെ പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കു തുണി സഞ്ചിയും 20 ക്ലാസ് മുറികളിലേക്കു മുള കൊണ്ടുള്ള വേസ്റ്റ്ബിന്‍ വിതരണം നടത്തിയും ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. 

date