Skip to main content

പ്രൗഢി വീണ്ടെടുത്ത് വാഴക്കുളം ഹയർ സെക്കണ്ടറി സ്കൂൾ

പ്രൗഢി വീണ്ടെടുത്ത് വാഴക്കുളം ഹയർ സെക്കണ്ടറി സ്കൂൾ

 

 

 

വാഴക്കുളം: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ തെരഞ്ഞെടുക്കപ്പെട്ട വാഴക്കുളം ഹയർ സെക്കണ്ടറി സ്കൂൾ പഴയ പ്രൗഢി വീണ്ടെടുക്കുന്നു. 5 കോടി രൂപയാണ് സംസ്ഥാന സർക്കാർ സ്കൂളിന് അനുവദിച്ചത്. സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ നിർമാണം പുരോഗതിയുടെ പാതയിലാണ്.  

 

പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത കുറഞ്ഞ് വന്ന കാലയളവിൽ മങ്ങിപ്പോയ വാഴക്കുളം സ്കൂളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ ഈ അദ്ധ്യയന വർഷത്തിൽ ഏഴ് ഡിവിഷനുകളാണ് പുതുതായി ആരംഭിച്ചത്.  200 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. അഞ്ച് മുതൽ  10 വരെ ക്ലാസുകളിൽ 750 കുട്ടികളാണുള്ളത്. കഴിഞ്ഞ അധ്യയന വർഷത്തിലും എസ് എൽ സി പരീക്ഷയിൽ 100 % വിജയം കൈവരിക്കാൻ കഴിഞ്ഞ സ്കൂളുകളുടെ പട്ടികയിൽ വാഴക്കുളം ഹയർ സെക്കണ്ടറി സ്കൂളും ഉൾപ്പെട്ടിരുന്നു. അക്കാദമിക മികവിന് പുറമെ വിവിധ മത്സര ഇനങ്ങളിലെ വിദ്യാർത്ഥികളുടെ വിജയം,  വിദ്യാരംഗം കലാ സാഹിത്യ വേദി, വിവിധ ക്ലബുകളുടെ പ്രവർത്തനം തുടങ്ങിയവയെല്ലാം സ്കൂളിന്റെ മികവ് വർധിപ്പിച്ചു.

 

മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ,ശ്രദ്ധ, സുരീലി ഹിന്ദി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവ മികവിന്റെ മാറ്റുകൂട്ടി.

മലയാളത്തിളക്കം നഷ്ടപ്പെട്ടവർക്ക് ആർജ്ജിക്കുവാൻ ഭാഷാ പഠന നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതിയാണ് മലയാളത്തിളക്കം .യുപി ഹൈസ്കൂൾ തലങ്ങളിൽ മലയാളത്തിൽ ടെസ്റ്റ് നടത്തി കുട്ടികളെ തിരഞ്ഞെടുത്തു പ്രത്യേക പരിശീലനം നൽകി.

 

പ്രൈമറി വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം വർദ്ധിപ്പിക്കാനും ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി  നടപ്പാക്കിയ പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ആരംഭിച്ച പദ്ധതിയാണ് ശ്രദ്ധ. മലയാളം, ഗണിതം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ ഈ പദ്ധതി സഹായകമാണെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് സുരീ ലി ഹിന്ദി. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി  ഐടി അറ്റ് സ്കൂളിന്റെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആരംഭിച്ചു.  കഴിഞ്ഞ അധ്യയന വർഷത്തിൽ സബ്ജില്ലയിൽ എട്ടു കുട്ടികൾ അനിമേഷനും പ്രോഗ്രാമിനും മികച്ച പ്രകടനം കാഴ്ചവെച്ചു മൂന്നു കുട്ടികൾ  ക്യാമറ പരിശീലനത്തിനും പങ്കെടുത്ത് മികവു തെളിയിച്ചു.

 

1910 ലാണ് വാഴക്കുളം ഗ്രാമപഞ്ചായത്തിൽ സ്കൂൾ സ്ഥാപിതമായത്. കിഴക്കമ്പലം, എടത്തല, ചൂർണ്ണിക്കര, കീഴ്മാട് , വാഴക്കുളം പഞ്ചായത്തുകളിലെ  വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച  സ്ക്കൂളിൽ പിന്നീട് മൂവായിരത്തിൽ  അധികം  വിദ്യാർഥികൾ പഠിച്ചിരുന്നു. ഇടക്കാലത്ത്  പ്രൗഢി നഷ്ടപ്പെട്ടെങ്കിലും കുടിപ്പള്ളിക്കൂടം ആയി തുടങ്ങിയ വാഴക്കുളം ഹയർ സെക്കണ്ടറി സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്നതിൽ ഗ്രാമവാസികളും അധ്യാപകരും സന്തുഷ്ടരാണ്.

date