Skip to main content

കെയർഹോം പദ്ധതിക്കെതിരായ പ്രചാരണം തെറ്റ്; 2040 വീടുകൾ ആദ്യഘട്ടത്തിൽ

സഹകരണ വകുപ്പിന്റെ പ്രളയ പുനരധിവാസ പദ്ധതിയിൽ ഒരു വീടുപോലും നിർമ്മിച്ചു നൽകിയില്ലെന്ന തരത്തിലെ പ്രചാരണം തെറ്റാണെന്നും ആദ്യഘട്ടത്തിൽ 2040 വീടുകൾ നിർമ്മിച്ചു നൽകുന്നുണ്ടെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 31ഓടെ ആദ്യഘട്ട വീടുകളുടെ നിർമ്മാണം പൂർത്തിയാകും.
ജൂൺ 19 വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 1388 വീടുകളുടെ നിർമ്മാണം പൂർത്തികരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുൺണ്ട്. 101 വീടുകൾ നിർമ്മാണം പൂർത്തിയായി കൈമാറ്റത്തിന് സജ്ജമായി. മേൽക്കൂരയുടെ കോൺക്രീറ്റ് കഴിഞ്ഞ 300 വീടുകളും ലിന്റിൽ ലെവൽവരെ നിർമ്മാണം പൂർത്തികരിച്ച 74 വീടുകളുമുണ്ട്. 62 വീടുകളുടെ അടിസ്ഥാന നിർമ്മാണം പൂർത്തികരിച്ച ഘട്ടത്തിലും 7 വീടുകൾ അടിസ്ഥാന നിർമ്മാണം തുടരുന്ന ഘട്ടത്തിലുമാണ്. ശേഷിക്കുന്ന 108 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടത്തിലാണ്.
കെയർഹോം പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിൽ 44 വീടുകളാണ് നിർമ്മിക്കാൻ തീരുമാനിച്ചത്. അതിൽ 43 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 39 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. നാലു വീടുകൾ കൈമാറ്റത്തിന് സജ്ജമായിക്കഴിഞ്ഞു. ശേഷിക്കുന്ന ഒരു വീടിന്റെ മേൽക്കൂരയുടെ കോൺക്രീറ്റിംഗ് കഴിഞ്ഞ് ബാക്കി നിർമ്മാണ പ്രവർത്തനം തുടരുകയാണ്.
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച 67 വീടുകളുടെ അടിസ്ഥാന നിർമ്മാണത്തിന് അധിക ധനസഹായമായി 31,18,182 രൂപയും തൃശ്ശൂർ ജില്ലയിൽ നിർമ്മിക്കുന്ന 16 വീടുകളുടെ അടിസ്ഥാന നിർമ്മാണത്തിന് അധിക ധനസഹായമായി 7,00,800 രൂപയും അനുവദിക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി സഹകരണ സംഘങ്ങളിലെ ലാഭവിഹിതത്തിൽ നിന്നും സമാഹരിച്ച തുക നിക്ഷേപിക്കുന്നതിനായി സംസ്ഥാന സഹകരണ ബാങ്കിൽ സഹകരണ സംഘം രജിസ്ട്രാറുടെ പേരിൽ ആരംഭിച്ച അക്കൗണ്ടിൽ ജൂൺ 10 വരെ 34,85,79,711.70 രൂപ ബാക്കി നിൽക്കുന്നു. രണ്ടാം ഘട്ടമായി, സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചു നൽകുന്നതിനാണ് തീരുമാനം എടുത്തിട്ടുള്ളത്. അതിനായി സർക്കാർ 14 ജില്ലകളിലുമായി അനുവദിച്ച സ്ഥല പരിശോധന നടന്നു വരികയാണ്. 
പി.എൻ.എക്സ്.1927/19

date